hospital

തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ ജില്ലാതല എ.എം.ആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കി.

മലയാളത്തിലുള്ള അവബോധ പോസ്റ്ററുകൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം.എല്ലാ ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളിലും എ.എം.ആർ പ്രതിരോധത്തിലും പരിശീലനം നൽകണം.

പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കൽ നടത്തി വിലയിരുത്തണം. ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റിയും ആന്റിമൈക്രോബിയൽ സ്റ്റ്യൂവാർഡ്ഷിപ്പ് കമ്മിറ്റിയും രൂപീകരിക്കണം ഡബ്ല്യു.എച്ച്.ഒ.യുടെ സർജിക്കൽ സേഫ്റ്റി ചെക് ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്.

ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ചെയർമാനായുള്ള എ.എം.ആർ. വർക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആർ. എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ലാബ് നെറ്റുവർക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാൻ സാധിക്കും.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050ൽ ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരിക്കും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എ.എം.ആർ കമ്മിറ്റികൾ രൂപീകരിച്ചു. കൂടുതൽ ആശുപത്രികളെ കാർസ്‌നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാർട്ടിലേക്കും മാറ്റിയിട്ടുണ്ട്. മുമ്പ് ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികൾക്കുള്ള മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെയാണ് ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.