
നിക്ഷേപകർക്കായി വിവിധ തരത്തിലുളള വരുമാന പദ്ധതികളാണ് തപാൽ വകുപ്പ് പുറത്തിറക്കുന്നത്. ലഭിക്കുന്ന ശമ്പളം എത്ര വലുതോ ചെറുതോ ആയിക്കോട്ടേ, അതിന്റെ ഒരു ഭാഗം നിക്ഷേപിച്ച് മികച്ച ലാഭം നേടിയെടുക്കാൻ തപാൽ വകുപ്പിന്റെ നിക്ഷേപ പദ്ധതികളാണ് ഉത്തമം. ഒരു നിശ്ചിത തുക നിക്ഷേപിച്ച് പ്രതിമാസം പലിശ (7.4 ശതമാനം) നേടി തരുന്ന തപാൽ വകുപ്പിന്റെ ഒരു വരുമാന പദ്ധതി പരിചയപ്പെടാം,
പ്രതിമാസ വരുമാന പദ്ധതി
അഞ്ച് ലക്ഷം, ഒമ്പത് ലക്ഷം, 15 ലക്ഷം എന്നീ തുകകളാണ് പദ്ധതികളിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. നിങ്ങൾ അഞ്ച് ലക്ഷം രൂപയുടെ പ്രതിമാസ വരുമാന പദ്ധതിയിലാണ് ചേരുന്നതെങ്കിൽ പ്രതിമാസം 3,083 രൂപയും ഒമ്പത് ലക്ഷമാണെങ്കിൽ പ്രതിമാസം 5,550 രൂപയും 15 ലക്ഷമാണെങ്കിൽ പ്രതിമാസം 9,250 രൂപയും പലിശയിനത്തിൽ ലഭിക്കും. അഞ്ച് വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം ലക്ഷങ്ങൾ സമ്പാദിക്കാം.ഒറ്റയ്ക്കും ജോയിന്റ് അക്കൗണ്ട് ഉളളവർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഇത് അവസാനിക്കുമ്പോൾ നിക്ഷേപ തുക മുഴുവനായും അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും.
ഈ നിബന്ധനകൾ ശ്രദ്ധിക്കണം
1. ഇന്ത്യൻ പൗരൻമാർക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ സാധിക്കുകയുളളൂ.
2. പദ്ധതിയിൽ ചേർന്ന് ഒരു വർഷത്തിന് ശേഷം മാത്രമേ പണം പിൻവലിക്കാൻ സാധിക്കുകയുളളൂ.
3. ഒരു വർഷത്തിനും മൂന്ന് വർഷത്തിനുമിടയിൽ പണം പിൻവലിക്കുകയാണെങ്കിൽ നിക്ഷേപ തുകയുടെ രണ്ട് ശതമാനം പിഴയായി അടയ്ക്കേണ്ടി വരും.
4. മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിനിടയിൽ പണം പിൻവലിക്കേണ്ടി വന്നാൽ നിക്ഷേപ തുകയുടെ ഒരു ശതമാനം പിഴയായി അടയ്ക്കണം.