
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശബരി കെ റൈസ് ഉദ്ഘാടനം നടക്കാനിരിക്കെ അരി ഇതുവരെ സപ്ലൈകോയിൽ എത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ. 13 ഇന സബ്സിഡി സാധനങ്ങളും ഔട്ട്‌ലെറ്റുകളിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
സപ്ലൈകോയുടെ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പന്ത്രണ്ടുമണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്. മന്ത്രി ജി ആർ അനിൽ അദ്ധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തിന് ശേഷം അരി എത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം അരി ലഭിക്കും. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക.