
ഡോ. ടി.കെ സന്തോഷ് കുമാർ എഴുതിയ പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ എന്ന മാദ്ധ്യമ പഠന ഗ്രന്ഥം വർത്തമാനകാല മാദ്ധ്യമ യാഥാർഥ്യങ്ങളുടെ ത്രിമാന ചിത്രമാണ് സമ്മാനിക്കുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ 1990-കളിൽ രൂപം കൊണ്ട സത്യാനന്തരകാലം എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ പ്രേക്ഷകരെ ആശയക്കുഴപ്പങ്ങളിലേക്ക് തള്ളിയിടുന്ന മാദ്ധ്യമ അധാർമികതകളെ തുറന്നുകാട്ടുന്നുണ്ട് പുസ്തകം. ഔചിത്യവും ധാർമികതയും നഷ്ടമാകുന്ന ദൃശ്യമാദ്ധ്യമ കാലത്ത് വർത്തമാനപത്രങ്ങളും ഓൺലൈൻ മാദ്ധ്യമങ്ങളും ഏതവസ്ഥയിലാണെന്നും പുസ്തകം പരിശോധിക്കുന്നു.
വിമർശനത്തിലൂടെ ഇല്ലായ്മ ചെയ്യാനല്ല, നേർക്കാഴ്ചകളുടെ നേർച്ചിത്രങ്ങൾ വരയ്ക്കാൻ വാർത്താ മാദ്ധ്യമങ്ങൾക്ക് ദിശാസൂചി നൽകാനാണ് സന്തോഷ് കുമാർ ശ്രമിക്കുന്നത്. സ്വയം കബളിപ്പിക്കപ്പെടുന്നതും പ്രേക്ഷകനെ കബളിപ്പിക്കുന്നതുമായ ന്യൂസ് റൂമുകൾ സത്യാനന്തരകാലത്തിന്റെ പ്രത്യേകതയാണ്. ലോകം എന്നാൽ മാദ്ധ്യമലോകം തന്നെയാകുന്ന കാലത്ത് അകത്തേക്ക് നോക്കുന്നതിനേക്കാൾ ദൃശ്യവാർത്തകളിലേക്ക് കണ്ണുനട്ടാണ് മനുഷ്യർ ലോകത്തെ അറിയുന്നത്. അധികാരിവർഗം വാർത്താകാഴ്ചകളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് കണ്ടിഷൻ ചെയ്യുന്നതാണ് അസത്യം സത്യമെന്ന നിലയിൽ കണ്ടറിയപ്പെടാനുള്ള പ്രധാനകാരണം. അസത്യ രാഷ്ട്രീയ പ്രചരണങ്ങളുടെ ആക്രമണങ്ങളിൽ നിരന്തരം അകപ്പെട്ടു പോകുകയാണ് നമ്മൾ. അതിൽ ദൃശ്യമാദ്ധ്യമങ്ങൾ ഏതളവിൽ ആയുധമാകുന്നു എന്ന് കാട്ടിത്തരുന്നുണ്ട് ഈ പുസതകം.
ലോകത്താകമാനം മാദ്ധ്യമ പഠനങ്ങൾക്കും അതിൽത്തന്നെ ടെലിവിഷൻ പഠനത്തിനും വലിയ പ്രാധാന്യമുണ്ട്. അത്തരം പഠനങ്ങൾ ഗൗരവത്തോടെ നടത്തുന്ന രീതി മലയാളത്തിൽ ഉണ്ടായിരുന്നില്ല. അതിന് അപവാദമാണ് പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ. ഈ പഠനം ടെലിവിഷൻ വാർത്താവതരണങ്ങളെയും അവതാരകരെയും വിനോദപരിപാടികളുടെ രാഷ്ട്രീയത്തെയും പ്രേക്ഷക വീക്ഷണത്തിലൂടെ വിശകലനം ചെയ്യുമ്പോൾത്തന്നെ, ദീർഘകാലം മാദ്ധ്യമ പ്രവർത്തനം നടത്തിയയാളുടെ അനുഭവ പരിസരത്ത് നിന്നുകൊണ്ട് ഉത്തരവാദിത്വപൂർണമായ വഴിയേത് എന്ന് മാർഗനിർദ്ദേശം നൽകുന്നുമുണ്ട് ടി.കെ. സന്തോഷ് കുമാർ.
(മികച്ച ഗ്രന്ഥത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ പുസ്തകമാണ് പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ. രചനാ വിഭാഗത്തിൽ മൂന്നാം തവണയാണ് ഡോ. ടി.കെ. സന്തോഷ് കുമാർ സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടുന്നത്)
പ്രസാധകർ: ഡി.സി ബുക്സ്
നറുചിരിക്കഥയുടെ മിണ്ടാട്ടം
ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധി ശേഖരം തുറക്കാനുള്ള താക്കോൽക്കൂട്ടങ്ങളുണ്ട്, വിനോദ് നായരുടെ കണ്ണുകളിൽ. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉൾക്കാഴ്ചയാക്കാനുള്ള വിരുതുമുണ്ട്. ആ വിരുത് വെളിപ്പെടുത്തുന്ന നറുചിരിക്കഥകളുടെ സമാഹാരമാണ് മാദ്ധ്യമ പ്രവർത്തകനായ വിനോദ് നായരുടെ മിണ്ടാട്ടം.തീവ്രവേദനയിലും സൃഷ്ടിക്കപ്പെടുന്ന നർമത്തിന്റെ നൈർമല്യം കഥപറച്ചിൽ അനായാസമാക്കുന്നു. മുല്ലവള്ളിയെ അടുത്തുകാണാൻ അതു പടരുന്ന നാട്ടുമാവിൽ ഏണി ചാരുന്ന വിരുതോടെ, കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങുമ്പോൾ മനുഷ്യ ജീവിതമെന്ന കരിങ്കല്ലുകൾ ഇവിടെ വിഗ്രഹങ്ങളായി മാറുന്നു. ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മനോഹരമായ അവതാരിക. ലളിതമായ വായനയ്ക്കും ഗഹനമായ വായനയ്ക്കും ഒരുപോലെ ഉതകുന്ന ഒരു പുസ്തകത്തിന്റെ പേരു പറയാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഒരു സംശയവുമില്ലാതെ താൻ ഈ പുസ്തകം ഉയർത്തിപ്പിടിക്കുമെന്ന് സത്യൻ അന്തിക്കാട് പറയുന്നു.
പ്രസാധകർ: ഡി.സി ബുക്സ്.
ആശുപത്രികളിലെ ജൈവ
അപകട മാലിന്യങ്ങൾ
ഡോക്ടർ ജയിംസ് വടക്കുംചേരി
കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പല തസ്തികകളിൽ സേവനമനുഷ്ഠിക്കുകയും, പ്രൊഫസറും പ്ളാസ്റ്റിക് സർജറി വിഭാഗം തലവനുമായി സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിക്കുകയും ചെയ്ത ഡോ. പദ്മകുമാർ രചിച്ച രണ്ടാമത് ഗ്രന്ഥമാണ് ബയോ ഹസാർഡ് ((ജൈവ അപകട മാലിന്യങ്ങൾ). ആശുപത്രികളിലുണ്ടാകുന്ന ജൈവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന സങ്കീർണതകളാണ് വിഷയം. സർക്കാർ മെഡിക്കൽ കോളേജുകളിൽ, മെഡിക്കൽ സൂപ്രണ്ടായി ജോലിചെയ്തിരുന്ന കാലത്ത് അനുഭവിക്കേണ്ടിവന്ന വെല്ലുവിളികളും മാനസിക സംഘർഷങ്ങളുമെല്ലാം 72 അദ്ധ്യായങ്ങളുള്ള ഈ ഇംഗ്ളീഷ് ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നു.ആശുപത്രി അന്തരീക്ഷത്തിലുണ്ടാകുന്ന ജൈവ മാലിന്യ സംസ്കരണം, ഓക്സിജൻ ആപൽസന്ധികൾ, ധനസഞ്ചയ നിധി തകർച്ച, രാഷ്ട്രീയ ഇടപെടൽ, അഴിമതി ആരോപണം എന്നിവയുടെ മദ്ധ്യത്തിൽ, ആക്രമണങ്ങളിൽ ഡോ. പത്മകുമാർ എങ്ങനെ പതറാതെ പിടിച്ചുനിന്നുവെന്ന് ഈ അനുഭവസാക്ഷ്യങ്ങളിലുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടറും, സംസ്ഥാന മെഡികോ- ലീഗൽ വിദഗ്ദ്ധനുമായ ഡോ. പി. ശിവശങ്കരപ്പിള്ളയാണ് മുഖവുര എഴുതിയിരിക്കുന്നത്. ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും മാത്രമല്ല, ഈ മേഖലയിലെ സാങ്കേതിക വിദഗ്ദ്ധരും സർക്കാർ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരുമെല്ലാം തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. കേസ് സ്റ്റഡികൾക്കും പരിശീലന പരിപാടികൾക്കും സഹായകം.ഒരു ക്രിമിനോളജിസ്റ്റ് എന്ന നിലയിൽ ഈ പുസ്തകം വായിച്ച എനിക്ക്, ഇതിലുടനീളം മെഡിക്കൽരംഗത്തെ വിവിധ തരം കുറ്റങ്ങളും കുറ്റകൃത്യപ്രവണതകളും കാണാനാകുന്നുണ്ട്. അവിടെയെല്ലാം ഡോ. പത്മകുമാർ കാണിച്ച മൃദു സമീപനശൈലിയും സാമർത്ഥ്യവും ഏവർക്കും സ്വീകരിക്കാവുന്നതാണ്.
പ്രസാധകർ: നോഷൻ പ്രസ് ഡോട്ട് കോം