
ഇന്ത്യയിലെ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. അംബാനി കുടുംബത്തിലെ പല കമ്പനികളുടെയും മേൽനേട്ടം വഹിക്കുന്നതും നിത അംബാനിയാണ്. ഇത് കൂടാതെ നർത്തകിയും ഐപിഎൽ ടീമിന്റെ ഉടമയുമാണ് ഇവർ. ഇവരുടെ മേൽനേട്ടത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും നടത്താറുണ്ട്.
ഇപ്പോഴിതാ നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുകേഷ് അംബാനിയുമായുള്ള വിവാഹത്തിന് മുൻപുള്ള തന്റെ ജീവിതത്തെ കുറിച്ചാണ് ആ വീഡിയോയിൽ നിത വെളിപ്പെടുത്തുന്നത്. നൻസി മോൻഡി കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയതിന് ശേഷമാണ് നിത അംബാനി തന്റെ കരിയർ ആരംഭിക്കുന്നത്. മുകേഷ് അംബാനിയെ വിവാഹം കഴിക്കുന്നതിന് മുൻപ് ഗുജറാത്തിലെ ഒരു സ്കൂളിൽ അദ്ധ്യാപികയായി നിത ജോലി ചെയ്തിരുന്നു.
സൺഫ്ലവർ നഴ്സറി സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന തനിക്ക് അന്ന് പ്രതിമാസം 800 രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് നിത പറഞ്ഞു. വിവാഹത്തിന് മുൻപ് താൻ ഒരു നിബന്ധന വച്ചിരുന്നതായും അവർ പറഞ്ഞു. തന്റെ ഇഷ്ട ജോലിയായ അദ്ധ്യാപനം തുടരണമെന്നായിരുന്നു ആ നിബന്ധന. വിവാഹത്തിന് ശേഷം വർഷങ്ങളോളം നിത അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
പിന്നീട് രാജ്യത്ത് പല സ്ഥലങ്ങളിലും സ്കൂളുകൾ തുറക്കാൻ നിത അംബാനി പ്രവർത്തിച്ചിരുന്നു. 2023 നവംബറിൽ നിത മുകേഷ് അംബാനി ജൂനിയർ സ്കൂൾ (എൻ എം എ ജെ എസ്) മുംബയിൽ ആരംഭിച്ചു. 2003ൽ നിത അംബാനി സ്ഥാപിച്ച സ്കൂളാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ (ഡി എ ഐ എസ്).
ജാംനഗർ, സൂറത്ത്, വഡോദര, ദഹേജ്, ലോധിവാലി, നാഗോതാനെ, നാഗ്‌പൂർ, നവി മുംബയ് എന്നിവിടങ്ങളിലായി 14 റിലയൻസ് ഫൗണ്ടേഷൻ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളുകൾ സ്ഥാപിക്കുന്നതിന് ഒരു പ്രധാന പങ്കുവഹിച്ചത് നിത അംബാനിയാണ്.