recipe

കൊച്ചി മട്ടാഞ്ചേരിയിൽ മാത്രം ലഭിക്കുന്ന ഒരു അഡാറ് ഐറ്റമുണ്ട്, ചേമ്പില കൊണ്ടൊരു അടിപൊളി വിഭവം. 'പത്രോട' എന്നാണ് ഇതിന്റെ പേര്. ഈ ജൂത വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

പച്ചരി, ജയ അരി എന്നിവ കുതിർത്തത്, പിരിയൻ അല്ലെങ്കിൽ വറ്റൽ മുളക്, ഇരുമ്പൻ പുളി, തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, ഉപ്പ്, ചേമ്പില എന്നിവയാണ് പത്രോട ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. ആദ്യം ചേമ്പില കഴിച്ച് ചൊറിച്ചിലുണ്ടാക്കാതെ ഇരിക്കുന്നതിനായി അതിന്റെ നാരുകൾ കളയണം. ശേഷം ചേമ്പില ഒഴിച്ചുള്ള ബാക്കിയെല്ലാ ചേരുവകളും നന്നായി അരച്ചെടുക്കണം. അവസാനം മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർക്കണം. ശേഷം മാവ് ചേമ്പിലയുടെ മുകളിലായി തേച്ചുകൊടുക്കണം. കട്ടിക്കുറച്ചാണ് തേക്കേണ്ടത്. ഓരോ ഇലയ്ക്ക് മുകളിലായി ഓരോ ഇലവച്ച് അതിലും മാവ് തേച്ചുകൊടുക്കണം. അവസാനം ഒരുമിച്ച് മടക്കി അതിന്റെ മടക്കുകളിലും മാവ് തേച്ചുകൊടുക്കണം. ഇനി ഇഡ്ഡലി കുക്കറിൽ തട്ടിന് മുകളിലായി വാഴയില വച്ചിട്ട് അതിനുമുകളിൽ മാവ് തേച്ച് മടക്കിയ ചേമ്പില വച്ചുകൊടുത്ത് ഒന്നരമണിക്കൂർ നേരം വേവിച്ചെടുക്കണം. ശേഷം ഇലയോ‌ടുകൂടി തന്നെ പത്രോട മുറിച്ച് വെളിച്ചെണ്ണയിൽ മുക്കി കഴിക്കാം.