
പാകിസ്ഥാനിൽ നിന്നുള്ള ഒരു കുഞ്ഞ് വ്‌ളോഗറുടെ വീഡിയോകൾ കുറച്ച് ആഴ്ചകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ കൊച്ചുമിടുക്കന് യൂട്യൂബ് സിൽവർ ബട്ടൺ ലഭിച്ചിരിക്കുകയാണ്.
മുഹമ്മദ് ഷിറാസ് എന്നാണ് ഈ കൊച്ചുമിടുക്കന്റെ പേര്. പാകിസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ വ്‌ളോഗറാണ് കക്ഷി. കുടുംബത്തെപ്പറ്റിയും, ദിനചര്യകളെക്കുറിച്ചും, അയൽപക്ക ബന്ധങ്ങളെക്കുറിച്ചുമൊക്കെയാണ് കുട്ടി വീഡിയോ ചെയ്യുന്നത്.
'ഷിറാസി വില്ലേജ് വ്‌ളോഗ്' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. എല്ലാ ദിനവും വ്‌ളോഗ് ചെയ്യും. ഇടയ്ക്ക് കുഞ്ഞനിയത്തിയായ മുസ്‌കിനും വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആഴ്‌ചകൾക്ക് മുമ്പാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു ലക്ഷം കടന്നത്. നിലവിൽ അഞ്ച് ലക്ഷത്തിന് മുകളിലായി.
സിൽവർ ബട്ടൺ അൺബോക്സ് ചെയ്യുന്ന വീഡിയോ 'Niche Lifestyle' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീഡിയോ തൽക്ഷണം വൈറലായി. ഷിറാസ് അതീവ സന്തോഷവാനാണ്. എന്നാൽ സിൽവർ ബട്ടണിലെ ചെറിയൊരു അക്ഷരത്തെറ്റ് അവൻ ശ്രദ്ധിച്ചു. ചാനലിന്റെ പേരിൽ ഒരു 'i' ഇല്ലായിരുന്നു. എന്നിരുന്നാലും അവൻ ആ ബട്ടണിൽ ചുംബിച്ചു. അവനൊപ്പം സഹോദരിയേയും വീഡിയോയിൽ കാണാം. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.