city

മാസത്തിൽ അഞ്ച് തവണ മാത്രം കുളി, വീടുകളിൽ പാചകം ചെയ്യാൻ സാധിക്കില്ല,സ്വന്തം നാട്ടിലേക്കുളള ടെക്കികളുടെ മടക്കം തുടങ്ങി നിരവധി മാ​റ്റങ്ങൾക്കാണ് ഇന്ത്യക്കാരുടെ സ്വപ്ന നഗരമായ ബംഗളൂരു ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ രാജ്യം കണ്ടിട്ടുളള കടുത്ത ജലക്ഷാമമാണ് നഗരം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ബംഗളൂരുവിൽ മാത്രമല്ല കർണാടകയിലെ പല സ്ഥലങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. ജലക്ഷാമം കൊണ്ട് നഗരവാസികൾ പൊറുതിമുട്ടുന്ന അവസ്ഥയാണ് ഇപ്പോഴുളളത്.

കാവേരി നദിയിലുണ്ടായ വരൾച്ചയും ഭൂഗർഭ ജലത്തിലുണ്ടായ കുറവുമാണ് നഗരത്തിലെ ജലക്ഷാമത്തിന് കാരണമെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നിരുന്നാലും ബംഗളൂരുവിലെ താഴെ തട്ടിലുളള കുടുംബങ്ങൾ തൊട്ട് ആഡംബര ജീവിതം നയിക്കുന്നവർ വരെ ഇപ്പോൾ ജലക്ഷാമത്തിന് ഇരകളായി മാറിയിരിക്കുകയാണ്. വെളളത്തിനായി കാത്തുനിൽക്കുന്നവരുടെ നീണ്ട നിരകളും ജനങ്ങളുടെ ദുരിതം പറച്ചിലുകളുമാണ് വാർത്തകളിൽ മുഴുവൻ. ഈ പ്രശ്നത്തിന് അടിയന്തരമായുളള പരിഹാരം എന്താണെന്ന് അധികൃതർക്ക് പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.

ടെക്കികൾ നഗരം വിടുന്നു

employees

ജലക്ഷാമത്തിന് പിന്നാലെ നഗരത്തിലെ ടെക്കികളുടെ അവസ്ഥയാണ് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. ഇന്ത്യയുടെ ഐടി നഗരമെന്നാണ് ബംഗളൂരുവിനെ വിശേഷിപ്പിക്കുന്നത്. മലയാളികളടക്കം ലക്ഷകണക്കിന് ആളുകളാണ് ഇവിടെ ജോലിക്കായി എത്തുന്നത്. വർക്ക് ഫ്രം ഹോമെടുത്ത് സ്വന്തം നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം ഇപ്പോൾ കൂടുകയാണ്. കർണാടകയിലെ ഐടി കമ്പനികളിലെ ജീവനക്കാർ സോഷ്യൽമീഡിയയിലൂടെ നിരവധി ഈ ആവശ്യങ്ങളുമായി രംഗത്തെത്തുന്നുണ്ട്.കർണാടകയിലെ കമ്പനികളിൽ വർക്ക് ഫ്രം ഹോം സംവിധാനം നിലവിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രികളുടെ അവസ്ഥ ശോചനീയം

hospital

ബംഗളൂരുവിലെ ആശുപത്രികളെയാണ് ജലക്ഷാമം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഏ​റ്റവും കൂടുതൽ ശുചിത്വം ആവശ്യമായ ഒരു സ്ഥലമാണ് ആശുപത്രി. ഇപ്പോഴിതാ ഇവിടങ്ങളിലെ ശുചിമുറികളും മ​റ്റുളള മുറികളും വൃത്തിയാക്കുന്നതിന് വരെ റീസൈക്കിൾ ചെയ്ത വെളളമാണ് വിനിയോഗിക്കുന്നത്. ഈ പ്രശ്നത്തെ തുടർന്ന് നിരവധി ഡോക്ടർമാരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്.

ആശുപത്രിയിലെ ആവശ്യത്തിന് എല്ലാ ദിവസവും ശരാശരി പത്ത് ലക്ഷം ലി​റ്റർ വെളളം വേണ്ടി വരും. പക്ഷെ കുഴൽ കിണറിൽ നിന്ന് ഇതിന്റെ 20 മുതൽ 30 ശതമാനം വെളളം മാത്രമാണ് ലഭിക്കുന്നതെന്ന് വൈദേഹി ഇൻസ്​റ്റി​റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്റ്റിന്റെ ചീഫ് അഡ്മിനിസ്‌ട്രേ​റ്റർ ഡോ രവി ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് ഗുരുതരമായ പ്രശ്നമാണെന്നും അമിത വിലയ്ക്ക് പുറത്ത് നിന്ന് വെളളം വാങ്ങിയാണ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസ്ഥ തുടരുകയാണെങ്കിൽ ആശുപത്രികൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് നിലവിലെ വിലയിരുത്തൽ.

അഗ്നിശമന സേനയുടെ പ്രവർത്തനം മന്ദഗതിയിൽ

firestation

ഈ മാസം ആദ്യത്തോടെ ബംഗളൂരുവിലെ അഗ്നിശമന സേനാ യൂണി​റ്റുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിദിനം നഗരത്തിന്റെ പല ഭാഗങ്ങളിലും ആറോളം അടിയന്തര സാഹചര്യങ്ങളാണുണ്ടാകുന്നുണ്ട്. അവ പരിഹരിക്കാൻ മതിയായ അളവിൽ വെളളം കിട്ടുന്നില്ലെന്ന് അഗ്നിശമനാ ഉദ്യോഗസ്ഥരും പറയുന്നു.


നഗരത്തിലെ ഭക്ഷണശാലകളുടെ അവസ്ഥയും സമാനമാണ്. ഇവരും ഇപ്പോൾ അമിത വിലകൊടുത്ത് വെളളം വാങ്ങിയുപയോഗിക്കുന്ന അവസ്ഥയാണ്. ഇതിലൂടെ ഭക്ഷണത്തിന് ഈടാക്കുന്ന നിരക്കും കൂടുതലാണ്. അതേസമയം, നഗരത്തിൽ ചെറിയ ഹോട്ടലുകൾ നടത്തുന്നവരുടെയും തട്ടുകടകൾ നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെയും അവസ്ഥ പരിതാപകരമാകുന്ന അവസ്ഥയാണ് കാണുന്നത്. സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അവസ്ഥ സമാനമാണ്.

ഹൗസിംഗ് സൊസൈറ്റികളുടെ നടപടി ഇങ്ങനെ

ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ ദുരുപയോഗം തടയാൻ പിഴ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി നഗരത്തിലെ ഹൗസിംഗ് സൊസൈറ്റികൾ രംഗത്തെത്തിയിരുന്നു. കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന താമസക്കാർക്ക് 5000 രൂപ പിഴ ചുമത്താനായിരുന്നു ഹൗസിംഗ് സൊസൈറ്റികളുടെ തീരുമാനം. മുൻപ് ബംഗളൂരുവിൽ 5,000 ലിറ്റർ വാട്ടർ ടാങ്കറിൽ വെളളമെത്തിക്കുന്നതിന് 500 രൂപയായിരുന്നെങ്കിലും പ്രതിസന്ധിയെ തുടർന്ന് വില 2,000 രൂപയായി ഉയർന്നു. നാലായിരത്തോളം സ്വകാര്യ ടാങ്കറുകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 14,000 കുഴൽക്കിണറുകളിൽ ഏകദേശം 7,000 എണ്ണം വറ്റിയതിനാൽ വിതരണത്തിൽ 50 ശതമാനം കുറവുണ്ടായി. മൂന്നിരട്ടി വരെ വില നൽകിയാണ് വെള്ളം വാങ്ങുന്നതെന്ന് ഹൗസിംഗ് സൊസൈറ്റികൾ പറയുന്നു.

എന്താണ് പ്രതിവിധി
ജലക്ഷാമം നഗരത്തിൽ പുതുമയുളള കാര്യമല്ല. നഗരത്തിലേക്ക് വെളളമെത്തിക്കുന്ന സ്വകാര്യ വ്യക്തികളുമായി കരാറുകളുണ്ടാക്കി മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് വെളളമെത്തിക്കുന്നതിനുളള നടപടികൾ കർണാടക സർക്കാർ നടപ്പാക്കി വരുന്നുണ്ട്. അതേസമയം, ബംഗളൂരുവിലെ നിലവിലെ അവസ്ഥയ്ക്ക് കാരണം അശാസ്ത്രീയമായ കെട്ടിട നിർമാണവും നഗരവൽക്കരണവുമാണെന്ന വിമർശനമാണ് വിദഗ്ദ്ധർ ഉയർത്തുന്നത്.

ബറോഡയിലെ സയാജിറാവു സർവ്വകലാശാലയിലെ അസിസ്​റ്റൻഡ് പ്രൊഫസറായ ഡോ. ദീപ്തിയുടെ വാക്കുകൾ ഇങ്ങനെ, 'ഈ പ്രശ്നത്തിന് കൂടുതൽ പരിഗണന നൽകേണ്ടത് സാധാരണ ജനങ്ങൾക്കാണ്. മറിച്ച് സാങ്കേതികപരമായ കാര്യങ്ങൾക്കല്ല. അതിനാൽ തന്നെ വിഷയത്തെ രാഷ്ട്രീയമായി കാണാതെ പൊതുജനങ്ങളുടെ പ്രശ്നമായി കണ്ട് അടിയന്തരമായി നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്'.