
''സ്വന്തം വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുള്ള സാധാരണ മനുഷ്യർക്ക്, സമൂഹത്തിൽ ഒരു പൊതുസ്വീകാര്യത ലഭിക്കുന്നത് സ്വാഭാവികമാണല്ലോ. അത് നിങ്ങളിൽ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല. അത് നമ്മളൊക്കെ പ്രത്യേകം ശ്രദ്ധിച്ച് ജീവിതത്തിൽ സ്വീകരിക്കേണ്ട തനിത്തങ്കം പോലൊരു വ്യക്തിത്വ ഗുണമാണെന്ന് ഓർക്കണം!"" സദസ്യരെയാകെ പുഞ്ചിരിയോടെ നോക്കിക്കൊണ്ടാണ് പ്രഭാഷകൻ ഇപ്രകാരം പറഞ്ഞത്.
അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനം സദസ്സിൽ ആരെയെങ്കിലും നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണോ എന്നും ചിലർ സംശയിച്ചു. എന്തായാലും ആരും പ്രത്യേകിച്ചൊരു അഭിപ്രായവും പറയാതെ പ്രഭാഷകനു കാതോർത്തു. ''നമ്മുടെ നാടിനെ മഹത്തായ പുരോഗതികളിലേക്കു നയിക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഒരുപാട് നേതാക്കളെ നമുക്കറിയാം. മറ്റു ചിലർ തങ്ങളുടെ ഇഷ്ടക്കാരെക്കൊണ്ട്, നേതാവ് നാടിന്റെ പുരോഗതിക്ക് നടുനായകത്വം വഹിച്ച് മുന്നേറുന്നതായി പ്രചാരണം നടത്തുന്നു. ഇപ്രകാരം, ഇവരൊക്കെ കൃത്രിമ മാർഗ്ഗങ്ങളിലൂടെ കീർത്തി നേടുന്നു!
ഈ പ്രച്ഛന്നവേഷക്കാരുടെ വാക്കുകളും പ്രവൃത്തിയും റെയിൽപ്പാതയിലെ സമാന്തര പാളങ്ങളെപ്പോലെ ഒരിക്കലും ഒത്തുചേർന്നു പോകുന്നില്ലെന്ന് നമ്മൾ തിരിച്ചറിയണം! ഒരു ട്രെയിൻ അപകടം ഉണ്ടായപ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം സ്വമേധയാ രാജിവച്ച റെയിൽവേ മന്ത്രിയുണ്ടായിരുന്ന രാജ്യമാണ് നമ്മുടേത്! സത്യസന്ധനും മാന്യനുമായിരുന്ന ആ റെയിൽവേ മന്ത്രി, ലാൽ ബഹാദൂർ ശാസ്ത്രിജി പിന്നീട് നമ്മുടെ ചരിത്രത്തിൽ ഇടംപിടിച്ചത് പ്രധാനമന്ത്രിയായിട്ടായിരുന്നു.
നമ്മുടെ സ്വന്തം നാട്ടിലെ ഒരു ജനകീയ മന്ത്രിയുടെ അസാധാരണ വ്യക്തിത്വം വിളിച്ചറിയിക്കുന്ന ഒരു സംഭവം കൂടി പങ്കുവയ്ക്കാം. ആ ജനകീയ മന്ത്രിയാണ് സഹോദരൻ അയ്യപ്പൻ. പഴയ കൊച്ചി രാജ്യത്തും, തിരു-കൊച്ചി സംസ്ഥാനത്തും അദ്ദേഹം മന്ത്രിയായിരുന്ന വിവരം അറിയാമോ?അദ്ദേഹം പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ, കുറച്ചു ദിവസങ്ങളായി മന്ത്രിയിൽ നിന്ന് ഉത്തരവു വാങ്ങാനായി ഒരു ഫയൽ അദ്ദേഹത്തിന്റെ സെക്രട്ടറി കൊണ്ടു നടക്കുന്നുണ്ടായിരുന്നു. പക്ഷെ, അദ്ദേഹത്തെ ആ ഫയൽ കാണിക്കാൻ സെക്രട്ടറിക്ക് ധൈര്യമില്ല!
റോഡ് വികസനവുമായി ബന്ധപ്പെട്ട ഫയലായിരുന്നു അത്. അപ്രകാരം വികസനം വന്നാൽ, വസ്തു നഷ്ടപ്പെടുക മന്ത്രിക്കു തന്നെയാണല്ലോ എന്ന വിവരമറിഞ്ഞാൽ അദ്ദേഹം ക്ഷോഭിക്കുമോ എന്നായിരുന്നു സെക്രട്ടറിക്ക് ഭയം! ഔദ്യോഗിക സമ്മർദ്ദങ്ങൾ മൂലം സർവധൈര്യവും സംഭരിച്ച് സെക്രട്ടറി ഫയൽ വിവരങ്ങൾ മന്ത്രിയോടു പറഞ്ഞു. അദ്ദേഹം ഫയൽ വാങ്ങി, ഒരു ഭാവവ്യത്യാസവുമില്ലാതെ ഒപ്പിട്ടു നൽകി! പിൽക്കാലത്ത് നമ്മൾ ഇത്തരം വ്യക്തിത്വങ്ങളെ അധികം കണ്ടിട്ടില്ല. എന്തു ചെയ്യുമ്പോഴും, തനിക്കെന്തു കിട്ടുമെന്ന് കണക്കെടുത്ത് കാര്യങ്ങൾ ചെയ്യുന്നവരാണ് അധികവും. എന്നാൽ ഞാനിവിടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ച വ്യക്തികൾ ശ്രേഷ്ഠ വ്യക്തിത്വങ്ങളാണ്. അതാണു പറയുന്നത്, വ്യക്തിയല്ല പ്രധാനം, വ്യക്തിത്വമാണ് എന്ന്!""തന്റെ വാക്കുകൾ ശ്വാസമടക്കി കേട്ടിരുന്ന സദസ്സിനോട് പ്രഭാഷകൻ പറഞ്ഞു നിറുത്തി.