arsenal

നാപ്പോളിയെ പൊളിച്ചടുക്കി ബാഴ്സയും ക്വാർട്ടറിൽ

ലണ്ടൻ\ ബാഴ്സലോണ : പതിനാലുവർഷത്തെ കാത്തിരിപ്പിന് ശേഷം ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തി. പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയ്ക്ക് എതിരെ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ 1-0ത്തിന് ജയം നേടിയതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ആഴ്സനൽ അവസാന എട്ടിലേക്ക് കടന്നത്. 4-2 എന്ന സ്കോറിനായിരുന്നു ഷൂട്ടൗട്ടിലെ ആഴ്സനലിന്റെ ജയം. നേരത്തേ ആദ്യ പാദത്തിൽ പോർട്ടോ അവരുടെ തട്ടകത്തിൽ 1-0ത്തിന്റെ ജയം നേടിയിരുന്നതിനാലാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.

41-ാം മിനിട്ടിൽ ലിയാൻഡ്രോ ട്രൊസാഡ് നേടിയ ഗോളിലൂടെയാണ് നിശ്ചിത സമയത്തും അധികസമയത്തും വിജയം കാണാൻ ആഴ്സനിലിന് കഴിഞ്ഞത്. ഷൂട്ടൗട്ടിൽ ആഴ്സനലിന് വേണ്ടി കിക്കെടുത്ത മാർട്ടിൻ ഒഡേഗാർഡ്, കായ് ഹാവെർട്സ്, ബുക്കായോ സാക്ക, ഡെക്ളാൻ റൈസ് എന്നീ നാലുപേരും ഗോളാക്കിയപ്പോൾ പോർട്ടോയുടെ ആദ്യ കിക്കെടുത്ത പെപ്പെയ്ക്കും മൂന്നാം കിക്കെടുത്ത മാർക്കോ ഗ്രൂയിച്ചിനും മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞത്. രണ്ടാം കിക്കെടുത്ത വെൻഡേലിന്റേയും നാലാം കിക്കെടുത്ത ഗാല്ലേനോയുടേയും ഷോട്ടുകൾ സേവ് ചെയ്ത് ഗോളി ഡേവിഡ് റായയാണ് ആഴ്സനലിന് കാത്തിരുന്ന ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു കൊടുത്തത്.

ആദ്യ പാദ പ്രീക്വാർട്ടറിൽ നാപ്പോളിയോട് 1-1ന് സമനില വഴങ്ങിയിരുന്ന ബാഴ്സലോണ സ്വന്തം തട്ടകത്തിൽ 3-1ന് വിജയിച്ച് 4-2 എന്ന ആകെ മാർജിനിലാണ് ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. 15-ാം മിനിട്ടിൽ ഫെർമിൻ ലോപ്പസ്,17-ാം മിനിട്ടിൽ യാവോ കാൻസെലോ എന്നിവരിലൂടെ സ്കോർ ചെയ്ത ബാഴ്സ ആധിപത്യമുറപ്പിച്ചിരുന്നു. 30-ാം മിനിട്ടിൽ യാമിൻ റഹ്‌മാനിയാണ് നാപ്പോളിക്ക് വേണ്ടി ഗോളടിച്ചത്. 83-ാം മിനിട്ടിൽ റോബർട്ട് ലെവാൻഡോവ്സ്കി ബാഴ്സയ്ക്ക് വേണ്ടി മൂന്നാം ഗോളും നേടി.

14

വർഷത്തിന് ശേഷമാണ് ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്. 2010ലാണ് ഇതിന് മുമ്പ് ക്വാർട്ടറിൽ കളിച്ചത്. 2011 മുതൽ 2017വരെ തുടർച്ചയായി പ്രീ ക്വാർട്ടറിൽ തോറ്റ് മടങ്ങുകയായിരുന്നു. 2017ന് ശേഷം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നതും ഇപ്പോഴാണ്.

മത്സരഫലങ്ങൾ

ആദ്യ പാദം

പോർട്ടോ 1- ആഴ്സനൽ 0

രണ്ടാം പാദം

ആഴ്സനൽ 1(4) - പോർട്ടോ 0(2)

ആദ്യ പാദം

നാപ്പോളി 1 - ബാഴ്സലോണ 1

രണ്ടാം പാദം

ബാഴ്സലോണ 3 - നാപ്പോളി 1