sbi

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ച് എസ്‌ബിഐ. ഇലക്ടറൽ ബോണ്ടുകളുടെ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചതായി എസ്‌ബിഐ അറിയിച്ചു. പാസ്‌വേർഡ് പരിരക്ഷയിൽ ഉള്ള രണ്ട് പിഡിഎഫ് ഫയലുകളിലാണ് ഡാറ്രയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയിൽ 22,217 ഇലക്ടറൽ ബോണ്ടുകൾ ആണ് ഇഷ്യൂ ചെയ്‌തത്. ഇതിൽ രാഷ്ട്രീയ പാർട്ടികൾ 22,030 ബോണ്ടുകൾ പണമാക്കി മാറ്റി. ബാക്കിയുള്ള 187പേർ റിഡീം ചെയ്യുകയും പണം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കുകയും ചെയ്‌തതായി ബാങ്ക് അറിയിച്ചു. 2019 ഏപ്രിൽ ഒന്നിനും 11നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ 1609 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2019 ഏപ്രില്‍ 12നും, 2024 ഏപ്രില്‍ 15നുമിടയില്‍ 20421 ബോണ്ടുകള്‍ വാങ്ങിയപ്പോള്‍ 18,871 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ആരൊക്കെ എത്രയൊക്കെ ബോണ്ടുകൾ വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു. ഏത് രാഷ്ട്രീയ പാർട്ടി എത്ര ബോണ്ടുകൾ ഏതൊക്കെ രീതിയിൽ പണമാക്കിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ദാതാക്കള്‍ക്ക് അവരുടെ ഇഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിന് ബോണ്ടുകള്‍ വാങ്ങുന്ന പദ്ധതിയായിരുന്നു റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതി. ഫെബ്രുവരി 15 ലെ സുപ്രധാന വിധിയില്‍, ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധം ആണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു.