
ഇന്ത്യയിൽ ഇന്ന് ഏറെ പ്രിയമേറുന്ന കൃഷിയാണ് കുരുമുളകെന്ന് നിസംശയം പറയാം. ഈ വിളയ്ക്കുള്ള അനന്തസാദ്ധ്യതകളാണ് ഇതിന് പിന്നിൽ. കുറച്ചുനാൾ മുമ്പുവരെ ഇങ്ങനെ അല്ലായിരുന്നു സ്ഥിതി. സാദ്ധ്യതകൾ തിരിച്ചറിഞ്ഞപ്പോൾ കേരളത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളും കുരുമുളകിനോട് ചങ്ങാത്തം കൂടിത്തുടങ്ങി.
വിദേശത്തിന് പുറമേ സ്വദേശത്തും ആവശ്യക്കാർ വൻതോതിൽ വർദ്ധിച്ചതോടെ കുരുമുളകിന് വില കൂടാൻ തുടങ്ങി. വൻ കുതിച്ചുചാട്ടമുണ്ടാകുന്നില്ലെങ്കിലും വില മോശമല്ലാത്ത രീതിയിൽ ഉയരുന്നുണ്ട്. അതൊട്ട് താഴേക്ക് പോകുന്നുമില്ല. കേരളത്തിലും കുരുമുളക് കൃഷി വ്യാപിക്കുകയാണെങ്കിലും തമിഴ്‌നാടും കർണാടകയുമൊക്കെ കേരളത്തിന് ബഹുദൂരം മുന്നിലാണ്.
പന്നിയെയും വന്യമൃഗങ്ങളെയും പേടിക്കാതെ കൃഷിചെയ്യാം എന്നുള്ളതാണ് കുരുമുളകിന്റെ എടുത്തുപറയേണ്ട പ്ളസ് മാർക്കുകളിലൊന്ന്. ഉത്പാദന ക്ഷമതയുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുകയാണ് ഏറ്റവും പ്രധാനം. നാടൻ ഇനങ്ങൾക്കൊപ്പം പന്നിയൂർ, ശ്രീകര, ശുഭകര, ഐഐഎസ്ആർ ഇനങ്ങൾ തുടങ്ങിയവ കേരളത്തിൽ നന്നായി വിളവുതരുന്നതാണ്. ഇതിൽ ഭൂരിപക്ഷത്തിനും വാട്ടരോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുകയും ചെയ്യും.
ജൂൺ, ജൂലായ് മാസങ്ങളിലാണ് കൃഷി തുടങ്ങാൻ പറ്റിയ സമയം. നടീൽ വസ്തു തിരഞ്ഞെടുക്കുമ്പോൾ ചെന്തല (കുരുമുളക് ചെടിയുടെ ചുടവുഭാഗത്തുനിന്നുണ്ടാവുന്നത്) കണ്ണിത്തല (തിരികൾ ഉണ്ടാവുന്നവ) എന്നിവ തന്നെ തിരഞ്ഞെടുക്കാൻ മറക്കരുത്. ചെന്തലകൾ സാധാരണ അല്പം വളർന്നുകഴിയുമ്പോൾ നിലത്തേക്ക് വീഴും. ഇതിന് അനുവദിക്കാതെ താങ്ങുകാലിലേക്ക് കയറ്റിവിടണം. ഇതിൽ നിന്ന് വേണം നടാനുള്ളത് മുറിച്ചെടുക്കാൻ. നല്ലയിനം തൈകൾക്ക് ചോദിക്കുന്ന വില നൽകി വാങ്ങാൻ ആളുകളെത്തും. കുരുമുളക് കൃഷിയിലെ മറ്റൊരു ആകർഷണീയതയാണ് ഇത്.
ബലമുള്ള താങ്ങുകാലുകളിൽ വേണം വള്ളി പടർത്തിവിടാൻ. കോൺക്രീറ്റ് തൂണുകളും ഇപ്പോൾ താങ്ങുകാലായി ഉപയോഗിക്കുന്നുണ്ട്. തുടക്കത്തിൽ ചെലവേറുമെങ്കിലും ഇത്തരം കാലുകൾ ദീർഘനാൾ ഒരുകുഴപ്പവുമില്ലാതെ നിൽക്കും. കൃഷിയിടം ചോലയായി മാറുമെന്ന പേടിയും വേണ്ട. ജൈവ വളങ്ങൾ തന്നെ കൃഷിക്ക് ഉപയോഗിക്കുന്നതാണ് നന്ന്. കൃഷിയിടം വൃത്തിയാക്കുമ്പോൾ ചെടികളുടെ ചുവടുകൾക്കോ വള്ളികൾക്കോ ക്ഷതം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗങ്ങൾ കൂടുതൽ ഉണ്ടാവാൻ സാദ്ധ്യതയുള്ളത് മഴക്കാലത്താണ്. അതുകൊണ്ട് കാര്യമായ ശ്രദ്ധവേണ്ടതും ഇക്കാലത്തുതന്നെ.
എപ്പോഴും വിളവ്
വർഷത്തിൽ എല്ലാക്കാലത്തും വിളവ് ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് കുറ്റിക്കുരുമുളക്. പ്രധാന ചെടിയുടെ ചുവട്ടിൽ നിന്ന് വളരുന്ന കണ്ണിത്തലകളിൽ നിന്ന് മുറിച്ചെടുക്കുന്ന ഭാഗമുപയോഗിച്ചാണ് കുറ്റിക്കുരുമുളക് ഉണ്ടാക്കുന്നത്. അലങ്കാര ചെടികൾ എന്നപോലെ ചെടിച്ചട്ടിയിൽ വീട്ടുമുറ്റത്ത് വളർത്താം. ശരിയായ രീതിയിലുള്ള പ്രൂണിംഗും വളപ്രയോഗവും നടത്തുന്നതിനൊപ്പം ആവശ്യത്തിന് വെള്ളവും കൊടുത്താൽ എല്ലാക്കാലത്തും വിളവ് ലഭിക്കും.