
കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കടുത്ത ജലക്ഷാമം നേരിടുകയാണ്. കർണാടകത്തിലും സ്ഥിതി ഒട്ടും മെച്ചമല്ല. പ്രത്യേകിച്ച് ബംഗളൂരു നഗരത്തിൽ. ഐടിയടക്കം വിവിധ മേഖലകളിൽ ജോലിനോക്കുന്ന നിരവധി മലയാളികൾ ബംഗളൂരുവിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കടുത്ത ജലക്ഷാമം കാരണം ബംഗളൂരു നഗര പരിധിയിൽ കാറുകൾ കഴുകരുതെന്നും ചെടികൾ നനയ്‌ക്കരുതെന്നുമെല്ലാം നിർദ്ദേശങ്ങൾ വന്നിരുന്നു.
കടുത്ത വേനൽ സൃഷ്‌ടിച്ച ജലക്ഷാമം ഇപ്പോൾ ആരോഗ്യ പ്രശ്‌നത്തിന് പുറമേ വൈകാരികമായ പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നു എന്നതാണ് ബംഗളൂരുവിൽ നിന്നുള്ള പുതിയ വിവരം. ബംഗളൂരു നഗരത്തിലെ ഒരു ഐടി പ്രൊഫഷണൽ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് സുഹൃത്ത് സൂചിപ്പിക്കുന്നത് കൗതുകമുണർത്തുന്ന ഒരു വാർത്തയായിരിക്കുകയാണ്. യുവാവിന് കെട്ടാൻ പെണ്ണില്ല എന്നതാണ് പ്രശ്‌നം. അതെ, വിവാഹപ്രായമായ യുവാവിനെ ബംഗളൂരു നഗരത്തിൽ താമസിക്കുന്നതിനാൽ ജലക്ഷാമത്തിന്റെ വിവരം അറിഞ്ഞ് ഒരു പെൺകുട്ടി പോലും വിവാഹം ചെയ്യാൻ താൽപര്യപ്പെടുന്നില്ല.
സമൂഹമാദ്ധ്യമമായ എക്‌സിലെ കുറിപ്പിൽ ഈ വിഷയത്തിൽ രാഹുൽ ഗാന്ധി സഹായിക്കണമെന്നാണ് ആവശ്യം. 'എന്റെ ഒരു സുഹൃത്തിന്റെ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലിനോക്കുന്ന അവന് വിവാഹാലോചനകൾ നടക്കുന്നുണ്ട്. എന്നാൽ ബംഗളൂരുവിൽ ജോലിനോക്കുന്ന ആരെയും ജലക്ഷാമം കാരണം വിവാഹം ചെയ്യാൻ പെൺകുട്ടികൾ തയ്യാറാകുന്നില്ല.'
പ്രതിസന്ധി രൂക്ഷമായതോടെ നിരവധി ടെക്കികൾ വർക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തുകയാണ് ഇപ്പോൾ. അങ്ങനെ ചെയ്യുന്നതിലൂടെ ബംഗളൂരു നഗരത്തിലെ ജലസ്രോതസിലെ മാലിന്യം കുറയ്‌ക്കാൻ കഴിയുമെന്ന് അവർ കരുതുന്നു.
2050 മില്യൺ ലിറ്റർ വെള്ളമാണ് ബംഗളൂരുവിൽ ഒരു ദിവസം വേണ്ടി വരിക. കാവേരി നദിയിൽ നിന്ന് 1450 മില്യൺ ലിറ്ററും ബോർവെല്ലിൽ നിന്ന് ബാക്കി വെള്ളവും. മഴ പെയ്യാതായതോടെ ചൂട് കൂടുകയും ജലാശയങ്ങൾ വറ്റുകയും ചെയ്യുന്നത് തുടരുകയാണ്. അടുത്തെങ്ങും സ്ഥിതി മെച്ചപ്പെടാൻ ഇടയില്ലെന്നാണ് സൂചന.