ashwin

ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുംറയെ മറികടന്ന് രവിചന്ദ്രൻ അശ്വിൻ ഒന്നാമതെത്തി. ധർമ്മശാലയിൽ തന്റെ നൂറാം ടെസ്റ്റിൽ ഇംഗ്ളണ്ടിന്റെ ഒൻപത് വിക്കറ്റുകൾ പിഴുതെടുത്ത പ്രകടനമാണ് അശ്വിനെ രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാമതെത്തിച്ചത്. ബുംറ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കിവീസിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡാണ് രണ്ടാം റാങ്കിൽ. ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ ബൗളർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തും കുൽദീപ് 16-ാം സ്ഥാനത്തുമുണ്ട്.

ടെസ്റ്റിലെ ആൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജ ഒന്നാം റാങ്കിലും അശ്വിൻ രണ്ടാം റാങ്കിലും അക്ഷർ പട്ടേൽ ആറാം റാങ്കിലുമാണ്.

ടെസ്റ്റ് ബാറ്റർമാരിൽ രോഹിത് ശർമ്മ അഞ്ചുപടവ് ഉയർന്ന് ആറാം റാങ്കിലും യശസ്വി ജയ്സ്വാൾ രണ്ട് പടവ് ഉയർന്ന് എട്ടാം റാങ്കിലുമെത്തി. വിരാട് കൊഹ്‌ലി ഒരു പടവ് ഇറങ്ങി ഒൻപതാം സ്ഥാനത്തായി. കളിക്കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന റിഷഭ് പന്ത് 15-ാം റാങ്കിലുണ്ട്.

ശുഭ്മാൻ ഗിൽ 20-ാം സ്ഥാനത്തുണ്ട്.

യശസ്വി ഒൻപത് ടെസ്റ്റ് മത്സരങ്ങൾകൊണ്ടുതന്നെ 700 റേറ്റിംഗ് പോയിന്റിന് മുകളിലെത്തി. 740 ആണ് യശസ്വിയുടെ റേറ്റിംഗ് പോയിന്റ്. ഒൻപത് ടെസ്റ്റുകൾക്കുശേഷം 740 പോയിന്റോ അതിൽ കൂടുതലോ കടക്കുന്ന മൂന്നാമത്തെ ബാറ്ററാണ് യശസ്വി. നേരത്തേ ഡോൺ ബ്രാഡ്മാനും (752) മൈക്ക് ഹസ്സിയും (741) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.ന്യൂസീലാൻഡിന്റെ കേൻ വില്യംസണാണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമത്.

ടീം റാങ്കിംഗിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്.