
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്ന വാർത്ത നിഷേധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ച എൻ.ഐ.എ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ബെല്ലാരി കൗൾ ബസാർ സ്വദേശിയായ ഷബീർ എന്നയാളെ കസ്റ്റഡിയിലെടുത്തതായി ഇന്നലെ വാർത്ത വന്നിരുന്നു. ഇയാളാണ് പ്രധാനപ്രതിയെന്ന് കരുതുന്നതായും ചോദ്യം ചെയ്തുവരുന്നതായുമാണ് പ്രചരിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കണ്ട പ്രതിയെന്ന് സംശയിക്കുന്നയാൾക്ക് ഇയാളുടെ സാമ്യമുണ്ടെന്ന് എൻ.ഐ.എ അറിയിച്ചെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഈ വിവരങ്ങളെല്ലാം എൻ.ഐ.എ നിഷേധിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും ആഭ്യന്തര മന്ത്രി പരമേശ്വര പറഞ്ഞതിനു പിന്നാലെയാണ് പ്രതിയെ പിടികൂടിയെന്ന വാർത്ത പ്രചരിച്ചത്.
പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ എൻ.ഐ.എ പുറത്തുവിട്ടിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചു. ആദ്യം തൊപ്പിയും മാസ്‌കും ധരിച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. പിന്നീട് മുഖം വ്യക്തമാകുന്ന ചിത്രം പുറത്തുവിട്ടു. ഇയാൾ ബസിൽ സഞ്ചരിക്കുന്ന ചിത്രങ്ങളായിരുന്നു അവ. ഇതിൽ നിന്ന് ഇയാൾ യാത്ര ചെയ്യാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ ഏതൊക്കെയാവാം എന്ന് അന്വേഷിച്ചുവരുന്നു. മാർച്ച് ഒന്നിനാണ് സ്ഫോടനമുണ്ടായത്. പത്ത് പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടക വസ്തു ഉള്ള ബാഗ് അജ്ഞാതൻ ഉപേക്ഷിക്കുകയായിരുന്നു. മാർച്ച് മൂന്നിനാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്‌ച കഫേ പ്രവർത്തനം പുനരാരംഭിച്ചു. കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കഫേ ഉടമ അറിയിച്ചു.