ksfe-

തൃശൂർ: അടുത്ത സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് കെ.എസ്.എഫ്.ഇ പ്രവർത്തനം വിപുലീകരിക്കുന്നു. സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഇയുടെ അറ്റമൂല്യം ഇക്കാലയളവിൽ 1134 കോടി രൂപയിലെത്തി. അംഗീകൃത മൂലധനം 250 കോടി രൂപയായി ഉയർന്നു. മൊത്തം ശാഖകളുടെ എണ്ണം 682 ആയി. പിന്നാക്ക പ്രദേശങ്ങളിൽ സാമ്പത്തിക സേവനം ലഭ്യമാക്കുന്ന മൈക്രോ ശാഖകൾ ഉൾപ്പെടെയാണിത്.

കഴിഞ്ഞ സാമ്പത്തിക വർഷം 371 കോടിയുടെ റെക്കാഡ് ലാഭമാണ് നേടിയത്. നടപ്പുവർഷം ആകെ വിറ്റുവരവ് 81,000 കോടിയിലെത്തി. സ്വർണപ്പണയ വായ്പ മികച്ച വളർച്ചയോടെ 5000 കോടി രൂപയായി. സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന 8.25 ശതമാനം പലിശ ധനകാര്യ സ്ഥാപനങ്ങൾക്കിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

സർക്കാരിന് നൽകിയത് 219.51 കോടി രൂപ

നടപ്പുവർഷം ലാഭവിഹിതം, ഗ്യാരണ്ടി കമ്മിഷൻ എന്നീ ഇനങ്ങളിലായി റെക്കാഡ് തുകയായ 219.51 കോടിയാണ് സർക്കാരിന് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 35 കോടി രൂപയുടെ ചെക്ക് ധനകാര്യമന്ത്രി അഡ്വ.കെ.എൻ.ബാലഗോപാലിന് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ കൈമാറി. മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി മനോജ്, ജനറൽ മാനേജർ (ഫിനാൻസ്) എസ്.ശരത് ചന്ദ്രൻ, സംഘടനാ പ്രതിനിധികളായ അരുൺബോസ്, വിനോദ്, സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.