
കാസർകോട്: ജിം പരിശീലകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിനെതിരെ ഹോസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണോദ്യോഗസ്ഥനായ ചന്തേര പൊലീസ് ഇൻസ്പെക്ടർ ജി.പി.മനുരാജാണ് കുറ്റപത്രം നൽകിയത്. കാസർകോട് സ്വദേശിനിയായ ജിം പരിശീലകയെ ഗർഭിണിയാക്കുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയശേഷം ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസിന്റെ വിചാരണ കാസർകോട് ജില്ല സെഷൻസ് കോടതിയിൽ നടക്കും.
ഐ.പി.സി 376 (മാനഭംഗം), 313 (ഗർഭച്ഛിദ്രം), 417, 420 (വിശ്വാസ വഞ്ചന ) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഷിയാസ് കരീമിന്റെ എറണാകുളത്തെ ജിംനേഷ്യത്തിൽ പരിശീലകയായ 34 കാരിയെ എറണാകുളം, മൂന്നാർ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. 2021 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഷിയാസ് മറ്റൊരു വിവാഹത്തിന് ശ്രമിച്ചതോടെയാണ് ജിം പരിശീലക ചന്തേര പൊലീസിൽ പരാതി കൊടുത്തത്. ജിംനേഷ്യത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്. ചെറുവത്തൂരിലെ ബാർ ഹോട്ടലിൽ മുറിയെടുത്ത ഷിയാസ് കരീം യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചത് സംബന്ധിച്ചുള്ള അന്വേഷണത്തിൽ ചില സി സി ക്യാമറ ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന ഷിയാസ് കരീമിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ 2023 ഒക്ടോബർ 7ന് അറസ്റ്റ് ചെയ്യുകയായിരുന്നു.