കാസർകോട്: കേരള - കർണ്ണാടക അതിർത്തിയിലെ അഡ്യനടുക്കയിൽ ബാങ്ക് കുത്തിത്തുറന്ന് രണ്ടു കിലോ സ്വർണ്ണവും 17 ലക്ഷം രൂപയും കവർന്ന കേസിൽ കാസർകോട് സ്വദേശികൾ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കാസർകോട് ചൗക്കിയിൽ താമസിക്കുന്ന കലന്തർ എന്ന ഇബ്രാഹിം, പൈവളിഗെ ബായാറിലെ ദയാനന്ദ, സുള്ള്യ കൊയിലയിലെ റഫീഖ് എന്നിവരെയാണ് വിട്ള പൊലീസ് അറസ്റ്റുചെയ്തത്. ഫെബ്രുവരി ആറിനാണ് അഡ്യനടുക്കയിൽ പ്രവർത്തിക്കുന്ന പുതുതലമുറ ബാങ്കിന്റെ ശാഖയിൽ കവർച്ച നടന്നത്. ബാങ്കിലെ സ്‌ട്രോംഗ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് സ്വർണ്ണവും പണവും കവർച്ച ചെയ്യുകയായിരുന്നു. വിട്ള പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതോടെ പ്രതികൾ സഞ്ചിച്ച കാർ പെർള ചെക്ക് പോസ്റ്റ് കടന്നുപോയതായി വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.

വെൽഡറായ ദയാനന്ദ ആഡംബര ജീവിതം നയിച്ചുവന്നത് നാട്ടുകാരിൽ സംശയത്തിനിടവരുത്തിയിരുന്നു. ദയാനന്ദയുടെ നീക്കങ്ങളെക്കുറിച്ച് നാട്ടുകാർ പൊലീസിലറിയിക്കുകയും ചെയ്തു. തുടർന്ന് ദയാനന്ദ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കവർച്ച ചെയ്യപ്പെട്ട സ്വർണ്ണം ഒരാഴ്ച മുമ്പ് ബായാറിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.