തൃശൂർ : നെതർലാൻഡ്‌സിൽ ജോലി വാഗ്ദാനം ചെയ്ത് 1.75 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ. കൂർക്കഞ്ചേരി വടൂക്കര എ.കെ.ജി നഗർ പുതിയ വീട്ടിൽ പി.ആർ.പ്രേംകുമാറിനെയാണ് (36) നെടുപുഴ പൊലീസ് പിടികൂടിയത്. 2023 ഡിസംബറിലായിരുന്നു സംഭവം. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പല സമയങ്ങളിലായാണ് പ്രതി പണം വാങ്ങിയത്. എന്നാൽ ജോലി നൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ കബളിപ്പിച്ചു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ പ്രതി തമിഴ്‌നാട്, ബംഗളൂരു, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചു. പിന്നീട് നാട്ടിലെത്തിയ പ്രതിയെ അന്വേഷണസംഘം പിടികൂടി. പ്രതിക്ക് നെടുപുഴ, വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാനരീതിയിൽ കേസുള്ളതായും പറയുന്നു. നെടുപുഴ ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നിർദ്ദേശപ്രകാരമുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോഷി ജോർജ്ജ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.