saju-jose

തിരുവല്ല: വിദേശമലയാളി നൽകിയ ക്വട്ടേഷൻ പ്രകാരം യുവാവിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാനപ്രതി പന്തളം കടക്കാട് വലിയവിള കിഴക്കേതിൽ സജുജോസ് (29) പൊലീസിന്റെ പിടിയിലായി. കവിയൂർ പഴംമ്പള്ളി തുണ്ടുപറമ്പിൽ വീട്ടിൽ മനീഷ് വർഗീസി(38)നെ ആക്രമിച്ച കേസിലാണ് കുളനടയിലെ വീട്ടിൽ നിന്ന് സജുജോസി​നെ തിരുവല്ല പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 12ന് വൈകുന്നേരം നാലിന് കവിയൂർ പഴംപള്ളി ജംഗ്ഷന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. വഴിയോരത്ത് കാറിൽ കാത്തുകിടന്ന സംഘം ബൈക്കിലെത്തിയ മനീഷിനെ ആക്രമിക്കുകയായിരുന്നു. വിദേശമലയാളിയായ കവിയൂർ തെക്കേമാകാട്ടിൽ വീട്ടിൽ അനീഷ് നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടത്താൻ മറ്റൊരുസംഘത്തെ നിയോഗിച്ച പ്രതിയാണ് പിടിയിലായ സജുജോസ്. കൃത്യം നടത്തിയ ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി മാവേലിക്കര നൂറനാട് പടനിലം അരുൺനിവാസിൽ അനിൽകുമാർ (അക്കു- 30), കാർത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ ജി.യദുകൃഷ്ണൻ (വിഷ്ണു- 26), വിയപുരം കാരിച്ചാൽ കൊച്ചിക്കാട്ടിൽ വീട്ടിൽ കെ.ഡി.സതീഷ് കുമാർ (43), അമ്പലപ്പുഴ കരുമാടി സംഗീതമന്ദിരത്തിൽ ഷമീർ ഇസ്മയിൽ (റോയി - 32), വിദേശമലയാളിയായ അനീഷിന് സജുവിനെ പരിചയപ്പെടുത്തിയ തുകലശ്ശേരി സ്വദേശി അഭിലാഷ് മോഹനൻ എന്നിവർ നേരത്തെ പിടിയിലായിരുന്നു. മനീഷ് വർഗീസ് അടങ്ങുന്ന നാലംഗസംഘം രണ്ടുവർഷം മുമ്പ് കവിയൂരിൽവെച്ച് അനീഷിനെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അനീഷ് സജുജോസിന് ക്വട്ടേഷൻ നൽകിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താൻ (60) കൊലപ്പെട്ട കേസിലെ മൂന്നാംപ്രതിയാണ് സജു ജോസ്. പെൺകുട്ടിയെ ആക്രമിച്ചതടക്കം ഇയാൾക്കെതിരെ പന്തളം സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എസ്.അഷാദിന്റെ നിർദ്ദേശപ്രകാരം സി.ഐ ബി.കെ.സുനിൽകൃഷ്ണൻ, പ്രത്യേക സ്‌ക്വാഡിലെ സീനിയർ സി.പി.ഒമാരായ അഖിലേഷ്, മനോജ്‌, സി.പി.ഒ അവിനാഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.