
മുംബയ്: യു.എസ് പൗരനെ മുംബയിലെ അന്ധേരി ഈസ്റ്റിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. യു.എസിലെ ഒരു ഐ.ടി കമ്പനിയിലെ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന മാർക്ക് വില്യംസ് ( 62 ) ആണ് മരിച്ചത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കമ്പനിയുടെ മുംബയിലെ ഓഫീസിലെത്തിയ ഇയാൾ ശനിയാഴ്‌ചയാണ് ഹോട്ടലിൽ മുറിയെടുത്തത്. ഔദ്യോഗിക മീറ്റിംഗിൽ പങ്കെടുക്കേണ്ടിയിരുന്ന ഇദ്ദേഹത്തെ കമ്പനി ജീവനക്കാർ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ 10ഓടെ ഹോട്ടൽ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് യു.എസിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം. അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം.