
ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവിൽ കോഡ് നിയമമായി. രാഷ്‌ട്രപതി ദ്രൗപതി മുർമ്മു അംഗീകാരം നൽകിയതോടെയാണ് ഏകസിവിൽ കോഡ് നിയമം ഉത്തരാഖണ്ഡിൽ നിലവിൽ വന്നത്. കഴിഞ്ഞ മാസമാണ് നിയമസഭ ഏക സിവിൽ കോഡ് പാസാക്കിയത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്‌ക്കായുള്ള പൊതുനിയമമാണ് സംസ്ഥാനത്ത് ഉണ്ടായത്. നിയമം സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കുക മാത്രമാണ് ഇനി സർക്കാരിന് ചെയ്യേണ്ടത്.
രണ്ട് ദിവസത്തെ ചർച്ചകൾക്കൊടുവിൽ ഫെബ്രുവരി ഏഴിന് ശബ്‌ദവോട്ടോടെയാണ് ഏക സിവിൽ കോഡ് ഉത്തരാഖണ്ഡ് നിയമസഭയിൽ പാസായത്. തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിക്ക് ബില്ലിന്റെ കരട് അയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു ഇതിനിടെയാണ് സഭ പാസാക്കിയത്.
സംസ്ഥാനത്തിനകത്തോ പുറത്തോ കഴിയുന്ന ലിവിൻ റിലേഷനിലുള്ള പങ്കാളികൾക്ക് ഈ നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഉത്തരാഖണ്ഡ് സ്വദേശികളല്ലാത്തവർക്കും ഇത് ബാധകമാണ്. ഈ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ഉത്തരാഖണ്ഡിൽ നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകും. ലിവിൻ ബന്ധത്തിൽ നിന്നും പുരുഷൻ പിന്മാറിയാൽ സ്ത്രീകൾക്ക് നിയമപരമായി അവകാശങ്ങൾ നേടാൻ സാദ്ധ്യതയുണ്ട്. ഇതിനായി കോടതിയെ സമീപിക്കാം.
പങ്കാളികൾ രജിസ്‌ട്രർ ചെയ്യാൻ വീഴ്‌ചവരുത്തിയാൽ ആറ് മാസംവരെ തടവോ, 25,000 രൂപവരെ പിഴയോ, രണ്ടും ചേർത്തോ ശിക്ഷ ലഭിക്കാം. തെറ്റായ വിവരം നൽകുകയോ സാക്ഷ്യപത്രം നൽകുകയോ ചെയ്തില്ലെങ്കിലും ഈ ശിക്ഷ ലഭിക്കും.
പങ്കാളികളിൽ ഒരാൾക്ക് 21 വയസ് കഴിഞ്ഞിരിക്കണം. മൈനറായാൽ രജിസ്ട്രേഷൻ നടക്കില്ല. 21 വയസിൽ താഴെയായാൽ രക്ഷിതാക്കളെ രജിസ്‌ട്രാർ വിവരമറിയിക്കണം. എന്നാൽ പ്രത്യേക ആചാര നിഷ്‌ഠകൾ അനുശാസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഈ നിയമം ബാധകമാകില്ല.