utharakhand

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവിൽ കോഡിന് അംഗീകാരം. പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയാൽ രാജ്യത്ത് ആദ്യമായി ഏകസിവിൽ കോഡ് നിലവിൽവരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ഏകസിവിൽ കോഡ് ബിൽ ഫെബ്രുവരി ആറിന് ഉത്തരാഖണ്ഡ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. ഫെബ്രുവരി 28ന് ഗവർണർ ബില്ലിൽ ഒപ്പുവച്ചു. കൺകറന്റ് ലിസ്റ്റിൽ ഉള്ളതുകൊണ്ടാണ് ബില്ല് രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ടിവന്നത്. ഇന്നലെ ഉച്ചയോടെ ബില്ലിന് അംഗീകാരം നൽകിയെന്ന രാഷ്ട്രപതി ഭവനിൽനിന്നുള്ള അറിയിപ്പ് പുറത്തുവന്നു.

വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മത വിശ്വാസികൾക്കും ഒരുനിയമം ബാധകമാക്കുന്നതാണ് ബിൽ. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലിൽ നിലനിറുത്തിയിട്ടുണ്ട്. പോർച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലംമുതൽ ഗോവയിൽ ഏകസിവിൽകോഡ് നിലവിലുണ്ട്. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയിൽ ഇത്തരമൊരു ബിൽ പാസാക്കുന്നത് ആദ്യമാണ്.

വീണ്ടും അധികാരത്തിലെത്തിയാൽ എൻ.ഡി.എയ്‌ക്ക് പാർലമെന്റിൽ ബിൽ കൊണ്ടുവരാൻ ഉത്തേജനം നൽകുന്നതാണ് ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ സാഹചര്യം. ബി.ജെ.പി ഭരിക്കുന്ന അസാം സർക്കാരും ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.