sports-council

തിരുവനന്തപുരം : രണ്ടുമാസത്തെ ശമ്പളം കുടിശികയായ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ചിലർക്ക് മാത്രം ഒരു മാസത്തെ ശമ്പളം ലഭിച്ചപ്പോൾ ദിവസവേതനക്കാരും കരാർ തൊഴിലാളികളും പെൻഷൻകാരും ഉൾപ്പടെ ഭൂരിപക്ഷം പേരും പട്ടിണിയുടെ വക്കിലായി. സ്ഥിരജീവനക്കാർക്കും സ്ഥിരം ഒഴിവുകളിലേക്ക് കരാർ അ‌ടിസ്ഥാനത്തിൽ നിയമിച്ചവർക്കും മാത്രമാണ് ജനുവരി മാസത്തെ ശമ്പളമെങ്കിലും കഴിഞ്ഞ ദിവസം നൽകിയത്. എന്നാൽ അമ്പതോളം കരാർ പരിശീലകരും സ്റ്റേഡിയങ്ങളിലെ ജീവനക്കാരും സുരക്ഷാ ഭ‌ടന്മാരും ഉൾപ്പടെ രണ്ടരമാസത്തോളമായി ശമ്പളം കിട്ടാത്ത സ്ഥിതിയിലാണ്. തുച്ഛവരുമാനക്കാരായ പലരും വീട്ടുചെലവുകൾക്ക് പോലും വഴിയില്ലാതെ കഷ്ടപ്പെടുകയാണ്. പെൻഷൻകാരുടെ അതിലും കഷ്ടമാണെന്ന് കഴിഞ്ഞ ദിവസം കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാലൻ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.

കൗൺസിൽ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ബഡ്ജറ്റ് വിഹിതത്തിൽ വർദ്ധന ഉണ്ടാകാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.

പ്ളാൻ, നോൺ പ്ളാൻ ഫണ്ടിലെ തുക കൃത്യമായി വേർതിരിച്ച് അക്കൗണ്ടുകളിലേക്ക് മാറ്റാത്തതിനാലാണ് ജനുവരിയിലെ ശമ്പളം മുടങ്ങിയത്. കൗൺസിൽ ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ശമ്പളത്തുക നൽകാൻ ധനകാര്യവകുപ്പ് തയ്യാറായില്ല. ഇത് പരിഹരിച്ചപ്പോഴേക്കും ശമ്പളം നൽകാൻ അധിക ബഡ്ജറ്റ് വിഹിതം വേണ്ട സ്ഥിതിയായി. ഇതിനായി ധനവകുപ്പിന് കത്തുനൽകിയെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തടസമായി. ഇതോടെ ഫെബ്രുവരിയിലെ ശമ്പളവും മുടങ്ങി. ഇക്കാര്യം കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കുറച്ചുപേർക്ക് ജനുവരിയിലെ ശമ്പളം ലഭിച്ചത്. ഓഫീസിലിരിക്കുന്ന ഭരണസമിതിയുടെ പിൻബലമുള്ള കരാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചപ്പോൾ പൊരിവെയിലത്ത് ജോലിനോക്കുന്നവർക്ക് ഒന്നും കിട്ടിയില്ലെന്ന ആക്ഷേപവുമുണ്ട്.