tear

ജീവിതത്തിൽ നമുക്കെല്ലാവർക്കും മാനസിക സമ്മർദ്ദമുണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം സമ്മർദ്ദം കാരണം പല മനുഷ്യർക്കും ശാരീരിക അസ്വസ്ഥതകൾ വരെ ഉണ്ടാകാറുണ്ട്. തന്റെ വിഷമതകൾ ആരോടെങ്കിലും ഒന്ന് പറയാനായിരുന്നെങ്കിൽ സമ്മർദ്ദം കുറയ്‌ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലർക്കും വിഷമമുണ്ടാകാറുണ്ട്. പക്ഷെ പലപ്പോഴും അതിന് സാധിക്കില്ല.

എന്നാൽ ഈ രാജ്യത്ത് ആ പ്രശ്‌നമില്ല. മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ പുരുഷന്മാരെ ഇവിടെ വാടകയ്‌ക്കെടുക്കാം. റുയി കത്‌സു എന്നാണ് ഈ രീതിയെക്കുറിച്ച് പറയുക. ജപ്പാനിലാണ് ഈ വിചിത്രമായ പതിവുള്ളത്. 7900 യെൻ മുതൽ ചാർജ് നൽകി (ഏകദേശം 4500 രൂപ) കസ്റ്റമർക്ക് സുന്ദരന്മാരായ പുരുഷന്മാരെ വാടകയ്‌‌ക്കെടുക്കാം.

വെറുതേ ആരെയെങ്കിലും വാടകയ്‌ക്ക് നൽകുകയല്ല ഓൺലൈനായി ആരെ വേണമെന്ന് നേരിട്ട് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. സ്ട്രെസ് മൂലം കഷ്‌ടപ്പെടുന്ന ഇന്ത്യക്കാർക്ക് പറ്റിയ വിദ്യ തന്നെയാണ് റുയി കത്സു.

എന്താണ് റുയി കത്‌സു?

ജപ്പാനിലെ സ്‌ത്രീകൾക്കിടയിൽ വളരെ അറിയപ്പെടുന്നൊരു വിദ്യയാണ് റുയി കത്‌സു. മാനസികാരോഗ്യം കണ്ണീർ വാർക്കുന്നതിലൂടെ നിലനിർത്തി പോരുന്നതാണ് ഇതിലെ രീതി. 2013ൽ ഹിരോകി തെരായി എന്ന ബിസിനസുകാരനാണ് ഈ വിദ്യ കണ്ടെത്തിയത്. വലിയ സമൂഹമായി നിന്ന് കരയുക എന്നതാണ് റുയി കത്‌സുവിന്റെ രീതി.

വിവാഹമോചിതരാകുന്ന ദമ്പതികൾക്ക് അതിനെക്കുറിച്ചോർത്ത് കരയാനും സമ്മർദ്ദത്തെ അതിജീവിക്കാനുമാണ് ഈ രീതി തുടങ്ങിയത്. ഒരു കാര്യത്തെക്കുറിച്ച് നിങ്ങളുടെ ഉള്ളിലുള്ള ഭയമോ ആശങ്കയോ അകറ്റാൻ റുയി കത്‌സു സഹായിക്കും. ഇതിലൂടെ മനപ്രയാസമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും മോചനം നേടാം. ഇതാണ് ജപ്പാനിൽ ഇത്തരം രീതി വളരെ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയത്.