pic

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ വാദത്തിൽ സംശയം പ്രകടിപ്പിച്ച് ന്യൂസിലൻഡ്. ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്നതൊന്നും കാനഡ കൈമാറിയ തെളിവുകളിലില്ലെന്ന് ന്യൂസിലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്സ് പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിനെത്തിയ അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസിൽ കാനഡയുടെ അന്വേഷണം എങ്ങുമെത്താതെ തുടരുന്നതിനിടെയാണ് ന്യൂസിലൻഡ് അതൃപ്തി പ്രകടിപ്പിച്ചത്. കാനഡയുൾപ്പെടുന്ന ' ഫൈവ് ഐസ് ' സഖ്യ രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലൻഡ്.

നിജ്ജർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കാനഡ ഫൈവ് ഐസ് രാജ്യങ്ങളുമായി പങ്കുവച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് മുൻ സർക്കാരാണ് കൈകാര്യം ചെയ്തിരുന്നതെന്നായിരുന്നു പീറ്ററിന്റെ മറുപടി.

എന്നാൽ അഭിഭാഷകനെന്ന നിലയ്ക്ക് പരിശോധിക്കുമ്പോൾ കേസിപ്പോൾ എവിടെയാണ്, തെളിവുകൾ എന്താണ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് ന്യൂസിലൻഡിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയത്.

നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായിരുന്ന നിജ്ജർ (45)​ കഴിഞ്ഞ ജൂൺ 18നാണ് കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.

 ഫൈവ് ഐസ്

യു.എസ്, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇന്റലിജൻസ് കൂട്ടായ്മയാണ് ഫൈവ് ഐസ്. നിജ്ജർ വധത്തിൽ കാനഡയുടെ വാദത്തിൽ സംശയം ഉന്നയിക്കുന്ന ആദ്യ ഫൈവ് ഐസ് രാജ്യമാണ് ന്യൂസിലൻഡ്.

വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം വൻ വിവാദമായിരുന്നു. ഇത് ഇന്ത്യ - കാനഡ നയതന്ത്ര ഭിന്നതയ്ക്ക് ഇടയാക്കി. ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളുകയും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

ട്രൂഡോയുടെ പ്രസ്താവന ഫൈവ് ഐസ് സഖ്യരാജ്യങ്ങൾക്കിടയിൽ പങ്കുവച്ച രഹസ്യ വിവരങ്ങൾ മുൻനിറുത്തിയാണെന്ന് കാനഡ അവകാശപ്പെട്ടിരുന്നു. എന്നാൽ എന്തുതരം വിവരങ്ങളാണ് പങ്കിട്ടതെന്നോ ഇവ എവിടെ നിന്ന് ലഭിച്ചെന്നോ കാനഡ വ്യക്തമാക്കിയിരുന്നില്ല.

കൃത്യമായ തെളിവുകൾ കൈമാറണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. അതേ സമയം,​ നിജ്ജറുടെ കൊലപാതകത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ കഴിഞ്ഞാഴ്ച ഒരു കനേഡിയൻ മാദ്ധ്യമം പുറത്തുവിട്ടിരുന്നു.