rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്ക് അഞ്ച് വാഗ്‌ദാനങ്ങളുമായി കോൺഗ്രസ്. ദരിദ്ര കുടുംബങ്ങളിലുള്ള സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വീതം നേരിട്ട് നൽകുമെന്നും കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം സംവരണം നൽകുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ന്യായ് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയിൽ സംഘടിപ്പിച്ച 'വനിതാ സമ്മേളനത്തിൽ" പ്രഖ്യാപിച്ചു.

'മഹാലക്ഷ്മി" ഗ്യാരന്റി പ്രകാരമാണ് പാവപ്പെട്ട കുടുംബത്തിൽ നിന്ന് ഒരു സ്ത്രീക്ക് നേരിട്ട് ഒരു ലക്ഷം രൂപ വാർഷിക സഹായം നൽകുന്നത്. 'ആദി ആബാദി, പൂര ഹഖ് ഗാരണ്ടി" പ്രകാരം

കേന്ദ്ര സർക്കാർ ജോലികളിലെ പുതിയ റിക്രൂട്ട്‌മെന്റുകളുടെ 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യും. വൈകാതെ തന്നെ പകുതി സർക്കാർ ഓഫീസുകളും സ്ത്രീകളെ കൊണ്ട് നിറയുമെന്ന് രാഹുൽ പറഞ്ഞു.

ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവരുടെ പ്രതിമാസ ശമ്പളത്തിനായുള്ള കേന്ദ്ര സർക്കാർ വിഹിതം ഇരട്ടിയാക്കുന്ന 'ശക്തി കാ സമ്മാൻ" ആണ് മൂന്നാമത്തെ ഗ്യാരന്റി. സ്ത്രീകളെ പഠിപ്പിക്കുന്നതിനും നിയമപരമായ അവകാശങ്ങളിൽ സഹായിക്കുന്നതിനുമായി എല്ലാ പഞ്ചായത്തുകളിലും 'അധികാർ മൈത്രി"യെ നിയമിക്കുന്നതാണ് നാലാമത്തെ ഗ്യാരന്റി.

 സ്ത്രീകൾക്ക് സുരക്ഷയുള്ള ഹോസ്റ്റൽ

'സാവിത്രി ബായ് ഫൂലെ ഹോസ്റ്റലുകൾ" ആണ് അഞ്ചാമത്തെ ഗ്യാരന്റി. സ്ത്രീകൾക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സുരക്ഷയും ഭക്ഷണ ക്രമീകരണങ്ങളുമുള്ള ഹോസ്റ്റലുകൾ ലഭ്യമാക്കുന്നതാണ് പദ്ധതിയാണിത്. സ്ത്രീകൾക്ക് സംവരണാനുകൂല്യം നൽകാൻ ബി.ജെ.പിക്ക് ഉദ്ദേശ്യമില്ലാതിരുന്നതിനാലാണ് വനിതാ സംവരണം നിയമം പത്തു വർഷം വൈകിയതെന്നും രാഹുൽ ആരോപിച്ചു. സ്ത്രീകൾക്കായി പുതിയ അജണ്ട സ്ഥാപിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പങ്കാളിത്ത നീതി, കർഷക നീതി, യുവജന നീതി എന്നിവയിൽ കോൺഗ്രസ് ഉറപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗ്യാരന്റിയിൽ പൊള്ളയായ വാഗ്ദാനങ്ങളും പ്രസ്താവനകളുമല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിങ്ങളെല്ലാവരും കോൺഗ്രസിനൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.