
ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട കാറിന്റെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതിയില്‍ പിഴയിട്ട് ദേശീയ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. പരാതിക്കാരന് 32.07 ലക്ഷം നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.അപകടസമയത്ത് ടൊയോട്ട ഇന്നോവയുടെ മുന്നിലെ എയര്‍ബാഗ് തുറന്നില്ലെന്നാണ് പരാതി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സും ബംഗളൂരുവിലെ കാര്‍ ഡീലര്‍മാരായ നന്ദി ടൊയോട്ട മോട്ടോര്‍ വേള്‍ഡുമാണ് 15 ലക്ഷം രൂപയും അതിന്റെ 12 വര്‍ഷത്തെ പലിശയും നഷ്ടപരിഹാരമായി നല്‍കേണ്ടത്.
ഒമ്പത് ശതമാനം പലിശയാണ് നല്‍കേണ്ടത്. ഇത് മാത്രം 17 ലക്ഷം വരും. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പുതിയ വാഹനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2011 മാര്‍ച്ച് 11നാണ് സുനില്‍ റെഡ്ഡി എന്നയാള്‍ ടൊയോട്ട ഇന്നോവ വാങ്ങുന്നത്. 2011 ആഗസ്റ്റ് 16നായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ഉലിന്ദകൊണ്ട ഗ്രാമത്തിന് സമീപം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഈ സമയത്ത് വാഹനത്തിന്റെ മുന്നിലെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ല.
അപകടശേഷം റെഡ്ഡി വാഹനം ബംഗളൂരുവിലെ നന്ദി ടൊയോട്ട മോട്ടോര്‍ വേള്‍ഡ് സര്‍വീസ് സെന്ററില്‍ സര്‍വീസിനായി നല്‍കി. കൂടാതെ എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതിന് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കമ്പനി തെറ്റ് അംഗീകരിക്കാനോ നഷ്ടപരിഹാരം നല്‍കാനോ തയ്യറായിരുന്നില്ല. ഇതേത്തുടര്‍ന്ന് റെഡ്ഡി വക്കീല്‍ നോട്ടീസ് അയച്ചു. ഇതിനും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാട് സംഭവിച്ചതായും യാത്രക്കാര്‍ക്ക് പരിക്കേറ്റതായും പരാതിയില്‍ ഉന്നയിച്ചു.
നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2014 നവംബറില്‍ റെഡ്ഡിക്ക് അനുകൂലമായ ഉത്തരവ് വന്നു. പുതിയ വാഹനം നല്‍കാനോ അതല്ലെങ്കില്‍ ഏകദേശം 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനോ വിധിച്ചു. എന്നാല്‍, ഇതിനെതിരെ ടൊയോട്ട സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയ സംസ്ഥാന കമ്മീഷന്‍, ജില്ല ഫോറത്തിന്റെ വിധി അംഗീകരിക്കുകയും ചെയ്തു.വാഹനത്തിന്റെ ഇടത് ഭാഗത്താണ് ഓട്ടോറിക്ഷ ഇടിച്ചതെന്നും ഇതിനാല്‍ മുന്നിലെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കില്ലെന്നുമായിരുന്നു ടൊയോട്ടയുടെ വാദം.