
മുംബയ്: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ പാർട്ടിയിലേക്ക് ക്ഷണിച്ചു.
ഗഡ്കരിക്ക് സീറ്റ് നൽകുന്നതിലുണ്ടാകുന്ന താമസത്തെത്തുടർന്നായിരുന്നു ക്ഷണം. ഇനിയും
ബി.ജെ.പിയിൽ അപമാനിതനായി തുടരേണ്ടെന്നും ശിവസേനാ സ്ഥാനാർത്ഥിയാക്കി ജയിപ്പിക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചില്ല. ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഗഡ്കരിയുടെ പേരില്ലാത്ത സാഹചര്യത്തിലാണ് ഉദ്ധവിന്റെ വാഗ്ദാനം. യവത്മാൽ ജില്ലയിലെ പുസാദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണത്തിൽ ബി.ജെ.പി ലക്ഷ്യമിട്ടിരുന്ന മുൻ കോൺഗ്രസ് നേതാവ് കൃപാശങ്കർ സിംഗിനെപ്പോലുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. എന്നാൽ ഗഡ്കരിയില്ല.
രണ്ട് ദിവസം മുമ്പ് ഞാൻ ഇത് ഗഡ്കരിയോട് പറഞ്ഞിരുന്നു. ആവർത്തിക്കുകയാണ്. നിങ്ങളെ അപമാനിക്കുകയാണെങ്കിൽ ബി.ജെ.പി വിട്ട് മഹാ വികാസ് അഘാഡി സഖ്യത്തിൽ ചേരുക. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾനിങ്ങളെ മന്ത്രിയാക്കും. അത് അധികാരങ്ങളുള്ള ഒരു പദവിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ചർച്ച പൂർത്തിയാകാത്തതാണ് ഗഡ്കരിയുടെ പേര് വരുന്നതിൽ താമസമായത്.
എന്നാൽ ഗഡ്കരിയെ പോലെ ഉന്നത നേതാവിന്റെ കാര്യത്തിൽ കാത്തിരിപ്പ് വേണമോ എന്ന ചോദ്യം പലകോണിൽ നിന്നും ഉയർന്നു. ഗഡ്കരിയെ തഴഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. മോദിയും അമിത്ഷായുമായി ഗഡ്കരി കൂടിക്കാഴ്ച നടത്തി. ഈ സന്ദർഭത്തിൽ അദ്ദേഹത്തെ സ്വന്തം പാളയത്തെത്തിക്കുകയാണ് താക്കറെയുടെ ലക്ഷ്യം.