sandals

പാലക്കാട്: ഒറ്റപ്പാലം പാവുക്കോണത്ത് ആക്രി കച്ചവടത്തിന്റെ മറവിൽ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 2,906.5 കിലോ ചന്ദനം പൊലീസ് പിടിച്ചെടുത്തു. ഗോ‌ഡൗൺ ഉടമ വാടാനാംകുറുശ്ശി പുതുക്കാട്ടിൽ ഹസനെ (46) അറസ്റ്റ് ചെയ്തു. 50 പെട്ടികളിലായി സൂക്ഷിച്ചിരുന്ന ചന്ദനപൊടി, ചീളുകൾ, ചന്ദനത്തടികൾ എന്നിവയാണ് പിടിച്ചെടുത്തത്. ചന്ദന മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.

കഴിഞ്ഞ 9ന് വാണിയംകുളത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് ചന്ദനമരം മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചന്ദനവേട്ടയ്ക്ക് വഴിവച്ചത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹസന്റെ പാവുക്കോണം കോട്ടേക്കുളത്തുള്ള തറവാട് വീടിന് സമീപത്തെ ഗോഡൗൺ പരിശോധിക്കുകയായിരുന്നു. കണ്ടെടുത്തവ രണ്ട് മിനി ലോറികളിലായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസ് വനം വകുപ്പിന് കൈമാറും.