bjp

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ കഴിഞ്ഞയാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. ഇപ്പോഴിതാ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ ബിജെപിയിലേക്ക് വരുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നുണ്ട്.

കോണ്‍ഗ്രസിലെ മാത്രമല്ല ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. പല മണ്ഡലങ്ങളിലും ബിജെപി വലിയ ശക്തിയായി ഉയര്‍ന്നുവരികയും വിജയസാദ്ധ്യതയുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തതോടെ ആശങ്കയിലായ ഇടതു, വലതു മുന്നണികള്‍ പരസ്യ ബാന്ധവത്തിനു പോലും ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഡിഎയ്ക്ക് വിജയസാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് - യുഡിഎഫ് പരസ്യബാന്ധവത്തിന് ശ്രമം നടക്കുന്നുണ്ട്. പ്രമുഖരായ നേതാക്കളാണ് ബിജെപിയിലേക്ക് വരുന്നത്. എല്ലാം ഉടനെ ബോധ്യമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് സിപിഎം വലിയ പ്രചാരണമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ വരുമെന്ന ബിജെപി അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം.