
വാഷിംഗ്ടൺ: യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നോമിനേഷൻ നേടാൻ വേണ്ട മതിയായ ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാക്കി ജോ ബൈഡനും ഡൊണാൾഡ് ട്രംപും. ഡൊമോക്രാറ്റിക് പാർട്ടിയിൽ ഇതുവരെ നടന്ന 25 ഉൾപാർട്ടി തിരഞ്ഞെടുപ്പുകളിൽ നിന്ന് (പ്രൈമറി / കോക്കസ് ) പ്രസിഡന്റ് ജോ ബൈഡൻ 2,099 ഡെലിഗേറ്റുകളെ നേടി. 1,968 പേരുടെ പിന്തുണയാണ് നോമിനേഷനുള്ള യോഗ്യത. അതേ സമയം, റിപ്പബ്ലിക്കൻ പാർട്ടിയിൽ 31 തിരഞ്ഞെടുപ്പുകളിൽ നിന്ന് മുൻ പ്രസിഡന്റ് ട്രംപിന് 1,241 ഡെലിഗേറ്റുകളെ ലഭിച്ചു. 1,215 ആണ് നോമിനേഷന് വേണ്ടത്. ഇതോടെ ഇരുവരുടെയും സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചു. നിക്കി ഹേലി അടക്കം ട്രംപിന്റെ എതിരാളികളെല്ലാം ഉൾപാർട്ടി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയിരുന്നു. ബൈഡനും പാർട്ടിയിൽ കാര്യമായ വെല്ലുവിളിയില്ല. അതിനാൽ, ജൂൺ ആദ്യ വാരം വരെ വിവിധ സ്റ്റേറ്റുകളിലായി തുടരുന്ന ഉൾപാർട്ടി തിരഞ്ഞെടുപ്പുകളിലും ഇരുവരും വിജയപരമ്പര തുടരും. ഉൾപാർട്ടി തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് നിശ്ചിത ഡെലിഗേറ്റുകളെ വീതം സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്. നാഷണൽ കൺവെൻഷനുകളിൽ ഈ ഡെലിഗേറ്റുകൾ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. റിപ്പബ്ലിക്കൻ പാർട്ടി ജൂലായിലും ഡെമോക്രാറ്റിക് പാർട്ടി ഓഗസ്റ്റിലുമാണ് നാഷണൽ കൺവെൻഷനുകൾ നിശ്ചയിച്ചിയിട്ടുള്ളത്. നവംബർ 5നാണ് യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.