
ധാക്ക: 23 ജീവനക്കാരുമായി ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച ' എം.വി അബ്ദുള്ള' എന്ന ബംഗ്ലാദേശ് ചരക്കുകപ്പലിനെ സൊമാലിയൻ തീരത്തിന് സമീപത്ത് വച്ച് കടൽക്കൊള്ളക്കാർ റാഞ്ചി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൊസാംബീകിലെ മപുറ്റോ തുറമുഖത്ത് നിന്ന് കൽക്കരിയുമായി ദുബായിലേക്ക് പോവുകയായിരുന്നു. ജീവനക്കാരെ കൊള്ളക്കാർ ബന്ദികളാക്കിയെന്നാണ് വിവരം. മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളക്കാർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് കപ്പലിന്റെ ഉടമസ്ഥർ പറയുന്നു. കപ്പലിനെ രക്ഷിക്കാൻ വിവിധ രാജ്യങ്ങളുടെ സഹായം തേടിയതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.