
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. അനായാസമായി സമനിലയിലെങ്കിലും എത്തിക്കാവുന്ന മത്സരം പ്രതിരോധ നിര വരുത്തിയ പാളിച്ചകള്‍ കാരണമാണ് തോറ്റത്. മുന്നേറ്റ നിര എത്ര മനോഹരമായി കളിക്കുന്നവോ അതിന് വിപരീതമായി പരിതാപകരമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര കാഴ്ചവയ്ക്കുന്നത്.
കേരളത്തിനായി ദിമിത്രി ഡയമന്റകോസ് രണ്ട് ഗോളുകളും വിപിന്‍ മോഹന്‍ ഒരു ഗോളും നേടി. ബഗാന് വേണ്ടി അര്‍മാന്‍ഡോ സാഡികു ഇരട്ടഗോള്‍ നേടിയപ്പോള്‍ ദീപക് ടാന്‍ഗ്രി , ജേസണ്‍ കമ്മിംഗ്‌സ് എന്നിവര്‍ ഓരോ ഗോളും നേടി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം വീണപ്പോള്‍ രണ്ടാം പകുതി സാക്ഷ്യം വഹിച്ചത് ആറ് ഗോളുകള്‍ക്കാണ്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ സാഡിക്കു കൊച്ചിയെ നിശബ്ദമാക്കി വലകുലുക്കി. ആദ്യ പകുതിയില്‍ ഇൗ ഒരു ഗോള്‍ മാത്രമാണ് വീണത്. 54ാം മിനിറ്റില്‍ വിപിന്‍ മോഹനന്റെ ഗോളില്‍ കേരളം സമനില പിടിച്ചു. എന്നാല്‍ 60ാം മിനിറ്റില്‍ സാഡികു വീണ്ടും ബഗാനെ മുന്നിലെത്തിച്ചു. 63ാം മിനിറ്റില്‍ ഡയമന്റകോസിലൂടെ വീണ്ടും കേരളം 2-2ന് ഒപ്പമെത്തി.
68ാം മിനിറ്റില്‍ ടാന്‍ഗ്രിയിലൂടെ വീണ്ടും മോഹന്‍ ബഗാന്‍ 3-2ന് മുന്നിലെത്തി. ഇഞ്ചുറി ടൈം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ജേസണ്‍ കമ്മിംഗ്‌സ് ബഗാനെ 4-2ന് മുന്നിലെത്തിച്ചു. മത്സരം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഡയമന്റകോസ് ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ നേടിയെങ്കിലും തൊട്ടുപിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി.
18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒമ്പത് ജയവും ഏഴ് തോല്‍വിയും രണ്ട് സമനിലയും സഹിതം 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 21 പോയിന്റ് മാത്രമേ ഉള്ളൂവെന്നത് കേരളത്തിന് ആശ്വാസമാണ്. ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടുക.