oman

മസ്‌കറ്റ്: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്ന നിയമം കൂടുതല്‍ കര്‍ശനമാക്കി ഒമാന്‍. വാഹനം ഓടിക്കുന്ന സമയത്ത് ജിപിഎസ് നാവിഗേഷന്‍ വഴി ഒരു സ്ഥലത്തിന്റെ ലൊക്കേഷനോ മേല്‍വിലാസമോ കണ്ടെത്തുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി റോയല്‍ ഒമാന്‍ പൊലീസ്.


മൊബൈല്‍ ഫോണുകളും മാപ്പ് പോലുള്ള ജി പി എസ് ആപ്ലിക്കേഷനുകളുടെയും ഉപയോഗവും നിയമലംഘനമായി കണക്കാക്കപ്പെടുമെന്ന് പൊലീസ് അറിയിച്ചു.വാഹനത്തിനുള്ളില്‍ ഹോള്‍ഡറില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗവും നിയമ ലംഘനമായി കണക്കാക്കും. ജി.പി.എസ് നാവിഗേഷന്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കില്‍, യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ സെറ്റ് ചെയ്തുവെക്കണമെന്നാണ് റോഡ് സുരക്ഷമേഖലയലുള്ള വിദഗ്ധര്‍ പറയുന്നത്.

വാഹനമോടിക്കുമ്പോള്‍ മെസേജ് അയക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, വീഡിയോ കാണുക, ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുക, ഫോട്ടോകളും വീഡിയോകളും എടുക്കുക തുടങ്ങിയവ കുറ്റകരമാണ്. സുരക്ഷിതമായ ഡ്രൈവിംഗിന് ഇത്തരം കാര്യങ്ങള്‍ അത്യാവശ്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഒമാനിലെ ട്രാഫിക്ക് നിയമം അനുസരിച്ച്, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാല്‍ 15 റിയാല്‍ പിഴയും രണ്ട് ബ്ലാക്ക് പോയിന്റും ലഭിക്കും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്മാര്‍ട്ട് റഡാറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗത്തിലുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് അടുത്തിടെ അറിയിച്ചിരുന്നു.

ഈ റഡാറുകള്‍ക്ക് മൊബൈല്‍ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, റോഡ് സിഗ്‌നലിന് മുമ്പായി ലെയ്ന്‍ മാറല്‍ എന്നീ ലംഘനങ്ങള്‍ തിരിച്ചറിയാനാകും.