
കൊച്ചി: സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ എട്ടുലക്ഷത്തിന്റെ മിനി കൂപ്പര്‍ ആഡംബരകാര്‍ ലേലം മാറ്റിവച്ചു. കൊച്ചി കസ്റ്റംസിന്റെ കാര്‍ ലേലമാണ് വാഹനപ്രേമികളെ ആകര്‍ഷിച്ചത്. അര കോടിയിലേറെ രൂപ വിലവരുന്ന ചെറു ആഡംബര കാറാണ് മിനി കൂപ്പര്‍. ബ്രിട്ടീഷ് പാരമ്പര്യമുള്ള കമ്പനിയുടെ ഇപ്പോഴത്തെ ഉടമകള്‍ ജര്‍മ്മന്‍ ബി.എം. ഡബ്‌ളിയുവാണ്. എട്ട് ലക്ഷം അടിസ്ഥാന വില നിശ്ചയിച്ച് കസ്റ്റംസ് മിനി കൂപ്പര്‍ ലേലം ചെയ്യുന്നെന്ന് പ്രചരിപ്പിച്ച വാര്‍ത്തകത്തകളെ തുടര്‍ന്ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കസ്റ്റംസ് യാര്‍ഡിലേക്ക് ഒരാഴ്ചയിലേറെയായി കൂപ്പര്‍ പ്രേമികളുടെ ഒഴുക്കായിരുന്നു. കുടുംബസമേതം വന്നവരും കുറവല്ല. പ്രതികരണം കണ്ട് കസ്റ്റംസും ഞെട്ടി.
2013 മോഡലാണ് മിനി കൂപ്പര്‍. ഇതിനു പുറമെ, രണ്ട് മാരുതി സ്വിഫ്റ്റുകളും തുറമുഖത്ത് നിന്ന് ക്‌ളിയര്‍ ചെയ്യാത്ത ബാഗേജുകളും എയര്‍പോര്‍ട്ടില്‍ നിന്ന് കളഞ്ഞുകിട്ടിയ വസ്തുക്കളുമാണ് ലേലത്തിനുണ്ടായിരുന്നത്.
വില്‍ക്കാനുള്ള കൂപ്പര്‍ നിസാരനല്ല. ഡീസല്‍ ടാങ്കില്‍ സ്വര്‍ണം ഒളിപ്പിച്ച് കൊച്ചി തുറമുഖം വഴി കടത്താന്‍ ശ്രമിച്ചതിന് പിടിയിലായതാണ്. സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടി. കൂപ്പര്‍ ഉടമ ഉപേക്ഷിച്ചു. നികുതിവെട്ടിപ്പ് കേസില്‍ കസ്റ്റംസിന്റെ ഭാഗമായ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടുകെട്ടിയവയാണ് സ്വിഫ്റ്റുകള്‍.
കാറുകള്‍ക്കൊന്നിനും ആര്‍.സി.ബുക്കും മറ്റ് പേപ്പറുകളുമില്ല. ലേലം കൊള്ളുന്നവര്‍ക്ക് ചേസിസ്, എന്‍ജിന്‍ നമ്പറുകള്‍ രേഖപ്പെടുത്തി കസ്റ്റംസ് നല്‍കുന്ന ഡെലിവറി നോട്ടാണ് അടിസ്ഥാനരേഖ. ഇത് ഉപയോഗിച്ച് നികുതി അടച്ച് പുതിയ രജിസ്‌ട്രേഷന്‍ എടുക്കാം.
8 ലക്ഷം വിലയിട്ട് കുബുദ്ധികള്‍
യഥാര്‍ത്ഥത്തില്‍ മിനി കൂപ്പറിന്റെ അടിസ്ഥാനവില കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ലേലവ്യവസ്ഥകള്‍ പ്രകാരം വില സൂചിപ്പിക്കില്ല. കസ്റ്റംസ് മൂല്യനിര്‍ണയം രഹസ്യവുമാണ്. ഏതോ കുബുദ്ധികളാണ് എട്ട് ലക്ഷം എന്ന വില പ്രചരിപ്പിച്ചത്. ലേലം മാറ്റാന്‍ തീരുമാനിച്ചത് കസ്റ്റംസിന്റെ ലേല കമ്മിറ്റിയാണ്. സാങ്കേതിക പ്രശ്‌നങ്ങളാണ്കാരണം.
കേന്ദ്ര പോര്‍ട്ടല്‍; 6000 രൂപ ചെലവ്
പുതിയ ലേലം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടായേക്കും. www.mstcecommerce.com എന്ന കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലിലൂടെയാണ് ഇ-ലേലം നടത്തുക. ലേലത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ ആറായിരം രൂപയോളം ചെലവുവരും.