cat

ടോക്കിയോ: ക്യാൻസറിന് കാരണമായേക്കാവുന്ന വിഷ പദാർത്ഥം നിറഞ്ഞ ടാങ്കിലേക്ക് വീണ പൂച്ചയ്ക്കെതിരെ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. പടിഞ്ഞാറൻ ജപ്പാനിലെ ഫുകുയാമ നഗരത്തിലാണ് സംഭവം. ഇവിടെ ഒരു മെറ്റൽ പ്ലേറ്റിംഗ് ഫാക്ടറിയിൽ ഹെക്സാവാലന്റ് ക്രോമിയം നിറച്ച ടാങ്കിലാണ് പൂച്ച വീണത്. തിങ്കളാഴ്ച രാവിലെ ഫാക്ടറിയിലെ ഒരു ജീവനക്കാരനാണ് പൂച്ച ടാങ്കിൽ വീണെന്ന് കണ്ടെത്തിയത്. ടാങ്കിൽ നിന്ന് ഫാക്ടറിയുടെ പുറത്തേക്ക് ഓറഞ്ച് നിറത്തിൽ പൂച്ചയുടെ കാലടികൾ ഇദ്ദേഹം കണ്ടെത്തി.

10 അടി ആഴമുണ്ടായിരുന്ന ടാങ്കിലെ പദാർത്ഥം കാൽപ്പാടുകളിൽ വ്യക്തമായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പേടിച്ച് ഫാക്ടറിക്ക് പുറത്തേക്ക് ഓടുന്ന പൂച്ചയെ കണ്ടെത്തി. പൂച്ചയ്ക്ക് പ്രത്യക്ഷത്തിൽ കാര്യമായ പരിക്കുകളൊന്നുമില്ല. അതേ സമയം, പൂച്ച ടാങ്കിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. ഏതായാലും ഫാക്ടറി അധികൃതർ ഉടൻ വിവരം പൊലീസിനെയും സമീപത്ത് താമസിക്കുന്നവരെയും അറിയിച്ചു. പൂച്ചയ്ക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പൂച്ചയെ കണ്ടാൽ ആരും തൊടരുതെന്നും ഉടൻ വിവരമറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

cat

അതേ സമയം, ഹെക്സാവാലന്റ് ക്രോമിയവുമായി സമ്പർക്കമുണ്ടാകുന്നത് ത്വക്കിൽ ഗുരുതരമായ പാർശ്വഫലങ്ങൾ സൃഷ്ടിക്കും. ഇവ ശ്വസിക്കുന്നത് ശ്വാസകോശത്തിലും പ്രശ്നങ്ങൾക്ക് കാരണമാകും. ഓറഞ്ച്, ബ്രൗൺ നിറമുള്ള ഇവ ഉയർന്ന അസിഡിക് സ്വഭാവം പ്രകടമാക്കുന്നു. ഫാക്ടറിയിൽ പ്രത്യേക ഗ്ലൗസും മാസ്കും ധരിച്ചാണ് ജീവനക്കാർ ഇത് കൈകാര്യം ചെയ്യുന്നത്. വിഷ പദാർത്ഥമായതിനാൽ ഇതിലേക്ക് വീണ പൂച്ച ഒരു പക്ഷേ ചത്തിരിക്കാമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.