
കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ മകനെ കുടുക്കിയതാണെന്ന് മരിച്ച വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും മാതാവ് പറഞ്ഞു. ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരനും ആരോപിച്ചു. വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി.
കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ പി എൻ ഷാജിയെ (പൂത്തട്ട ഷാജി-51) കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയ്ക്കകത്ത് കയറി വാതിലടച്ച ഷാജി, ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. അതിനു ശേഷം രാത്രിയോടെയാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാജി അടക്കം നാലു പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ബാക്കിയുള്ള മൂന്നു പേരിൽ രണ്ടുപേർ നൃത്ത പരിശീലകരും ഒരാൾ സഹായിയുമാണ്. കലോത്സവത്തിൽ വിവാദമായ മാർഗംകളി മത്സരത്തിന്റെ വിധി കർത്താവായിരുന്നു ഷാജി. മാർഗംകളി മത്സരത്തിന്റെ ഫലം പരാതിയെ തുടർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. ഷാജിയും മറ്റ് പ്രതികളും തമ്മിലുള്ള വാട്സ്ആപ്പ്, എസ്.എം.എസ് സന്ദേശങ്ങളാണ് ഇവരെ സംശയ നിഴലിലാക്കിയത്.