
മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. 763000 കോടി രൂപയിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന് നേതൃത്വം നൽകുന്ന മുകേഷ് അംബാനി ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. അടുത്തിടെ മകൻ അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങ് ഇന്ത്യ മുഴുവൻ ചർച്ചയായിരുന്നു. വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മാർക്ക് സക്കർ ബർഗ് അടക്കമുള്ള ലോക കോടീശ്വരന്മാർ ഉൾപ്പടെ എത്തിയിരുന്നു. ബോളിവുഡ് താരങ്ങൾ അടക്കം പങ്കെടുത്ത വിവാഹ ആഘോഷം സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായിരുന്നു.
എന്നാൽ ഇപ്പോഴിതാ മുകേഷ് അംബനിയുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനെ കുറിച്ചുളള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിൽ ജോലി ചെയ്യുന്ന നിഖിൽ മേസ്വാനി എന്ന ജീവനക്കാരന് മുകേഷ് അംബാനി നൽകുന്ന ശമ്പളമാണ് ചർച്ചയ്ക്കുള്ള പ്രധാന കാരണം. വാർഷിക ശമ്പളമായി നിഖിൽ മേസ്വാനിക്ക് ലഭിക്കുന്നത് 24 കോടി രൂപയാണ്. മുകേഷ് അംബാനിയുടെ ആദ്യ മെന്ററായ റാസിക്ഭായ മേസ്വാനിയുടെ മകനാണ് നിഖിൽ മേസ്വാനി.
അച്ഛൻ ദിരുഭായ് അംബാനിയുടെ ബിസിനസ് ഏറ്റെടുത്ത് കൊണ്ടാണ് മുകേഷ് അംബാനി ബിസിനസ് ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. അന്ന് മുകേഷിന്റെ പ്രധാന ഉപദേശകനായിരുന്നു റാസിക്ഭായ്. ധീരുഭായ് അംബാനിയുടെ അനന്തരവൻ ആയിരുന്നു റാസിക്ഭായ്. റിലയൻസിന്റെ യഥാർത്ഥ ഡയറക്ടർമാരിൽ ഒരാളായ അദ്ദേഹം മുകേഷിനെ നയിക്കാൻ നിയോഗിക്കപ്പെട്ടു. വളർന്നുവരുന്ന പോളിസ്റ്റർ സെഗ്‌മെന്റ് കൈകാര്യം ചെയ്തിരുന്ന റാസിക്ഭായിയെ തന്റെ ആദ്യ സൂപ്പർവൈസറായി ധീരുഭായ് നിയമിച്ചതെങ്ങനെയെന്ന് മുകേഷ് അംബാനി ഒരു അഭിമുഖത്തിൽ അനുസ്മരിച്ചിരുന്നു.
ഇപ്പോൾ റാസിക്ഭായിയുടെ മകൻ നിഖിൽ കമ്പനിയിൽ ഏറ്റവും വലിയ ശമ്പളം വാങ്ങുന്ന ജീവനക്കാരനാണ്. 1986ൽ റിലയൻസിൽ ചേർന്ന നിഖിൽ, 1988 ജൂലായ് 1 മുതൽ കമ്പനിയുടെ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന പദവിയിൽ മുഴുവൻ സമയ സേവനമനുഷ്ഠിച്ചു. മുകേഷ് അംബാനിക്ക് സമാനമായ പാതയാണ് അദ്ദേഹവും പിന്തുടരുന്നത്. പ്രോജക്ട് ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. റിലയൻസിനെ പെട്രോകെമിക്കൽ വ്യവസായത്തിലെ ഒരു ആഗോള ശക്തിയായി സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ക്രിക്കറ്റ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിങ്ങനെ കമ്പനിയുടെ മറ്റ് കായിക സംരംഭങ്ങളുടെ കാര്യങ്ങളിലും നിഖിൽ മേസ്വാനിയുടെ മേൽനോട്ടത്തിലാണ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിന് മുകേഷ് അംബാനി നേതൃത്വം നൽകുന്നുണ്ടെങ്കിലും അദ്ദേഹം ശമ്പളമൊന്നും എടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കൊവിഡിന് മുമ്പ് അദ്ദേഹം വാർഷിക ശമ്പളമായി 15 കോടി കൈപ്പറ്റിയിരുന്നെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.