delivery

ലണ്ടൻ: പിസ ഡെലിവറി ചെയ്യുന്ന യുവാവിനെ തേടിയെത്തിയത് അഞ്ച് കോടിയുടെ സൗഭാഗ്യം. യുകെയിലെ സ്​റ്റാഫോർഡ്‌ഷെയറിലെ ടാംവർത്ത് സ്വദേശിയായ മരിയസ് പ്രെഡയെയാണ് (28) ഭാഗ്യം കടാക്ഷിച്ചത്.ബെസ്​റ്റ് ഓഫ് ദി ബെസ്​റ്റ് (ബിഒടിബി) ടിക്ക​റ്റ് നറുക്കെടുപ്പിലൂടെയാണ് യുവാവിന് സമ്മാനം ലഭിച്ചത്.

പിസ ഡെലിവറി ചെയ്യുന്നതിനിടെയാണ് വിവരമറിഞ്ഞതെന്ന് യുവാവ് പറഞ്ഞു. ഭാഗ്യം ലഭിച്ചതിൽ താനും കുടുംബവും ആഹ്ലാദത്തിലാണെന്നും പ്രെഡ അറിയിച്ചു. സമ്മാനമായി ലഭിച്ച പണത്തിൽ നിന്നും സ്വന്തമായി ഒരു വീട് വാങ്ങണമെന്നും കുറച്ച് യാത്രകൾ നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും പിസ ഡെലിവറി ചെയ്യുന്ന ജോലിയിൽ തുടരുമെന്നും യുവാവ് പറഞ്ഞു.

prize

പ്രെഡയെ തേടി വലിയൊരു സന്തോഷ വാർത്തയെത്തിയിട്ടും ഏറ്റെടുത്ത ജോലി പൂർത്തിയാക്കിയതിന് ശേഷമാണ് യുവാവ് നറുക്കെടുപ്പ് നടന്ന സ്ഥലത്തേക്ക് എത്തിയതെന്നും ഈ ഉത്തരവാദിത്തത്തെ അഭിനന്ദിക്കുന്നുവെന്നും ബിഒടിബി അധികൃതർ അറിയിച്ചു. 2019ൽ ജന്മനാടായ റൊമാനിയയിൽ നിന്നും ജോലിക്കായാണ് യുവാവ് യുകെയിൽ എത്തിയത്. ടാംവർത്തിൽ പിതാവിനും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമാണ് പ്രെഡ താമസിക്കുന്നത്.