children

മാന്നാർ: സിനിമയിൽ കണ്ട് പരിചയമുള്ള പൊലീസ്‌ സ്റ്റേഷൻ നേരിട്ട് കണ്ടപ്പോൾ കുരുന്നു കണ്ണുകളിൽ കൗതുകം വിടർന്നു. കാക്കിയോടുള്ള ഭയം അല്പസമയം നിശ്ശബ്ദതയ്ക്ക് വഴിയൊരുക്കിയെങ്കിലും നിമിഷങ്ങൾക്കകം പേടിയെല്ലാം പമ്പ കടന്നു. പൊലീസ്‌ മാമന്മാർ നൽകിയ മധുരം നുണഞ്ഞ കുട്ടിപ്പട്ടാളം പൊലീസ് സ്റ്റേഷൻ കീഴടക്കി.

പരുമല സിൻഡസ്‌മോസ് പബ്ലിക് സ്‌കൂളിലെ പ്രീ കെ.ജി വിദ്യാർത്ഥികളാണ് ഇന്നലെ മാന്നാർ പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം കളിയും ചിരിയുമായി ക്രമസമാധാന പാലകരെ അടുത്തറിഞ്ഞത്.

കമ്മ്യൂണിറ്റി ഹെൽപ്പർമാരെയും സമൂഹത്തിൽ അവരുടെ പങ്കിനെയും കുറിച്ച് കൂടുതലറിയാൻ പാഠ്യ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കുരുന്നുകളുടെ സന്ദർശനം. സ്റ്റേഷന്‍റെ പ്രവർത്തന രീതിയും പൊലീസിന്റെ കടമകളും പൊലീസുകാർ കുട്ടികൾക്കു മുന്നിൽ വിശദീകരിച്ചു.

ഇന്നലെ രാവിലെ മാന്നാർ പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.രാജേന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മധുരം നൽകിയാണ് സ്റ്റേഷനിലേക്ക് സ്വീകരിച്ചത്. പരുമല സിൻഡസ്‌മോസ് പബ്ലിക് സ്‌കൂൾ പ്രധാനാദ്ധ്യാപിക ആനി ജോർജ്, ക്ലാസ്സ്‌ ടീച്ചർ പ്രതിഭ ദിലീപ്, ബിന്ദു സുനിൽ, ഹെൽപ്പർ നിഷ നിഷ എന്നിവർക്കൊപ്പമാണ് കുട്ടികൾ എത്തിയത്.