cha

കോട്ടയം : സംസ്ഥാനത്ത് ആദ്യത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം വഴി പ്രചാരണം തുടങ്ങിയ കോട്ടയത്തെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന് തിരഞ്ഞെടുപ്പ് ചെലവ് കൈ പൊള്ളിക്കുന്നു. ലോക് സഭാ , നിയമസഭാ മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി പഞ്ചായത്ത് കൺവെൻഷനുകളിലേക്ക് നീങ്ങുകയാണ് എന്നിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപനമായില്ല. ചെലവോർക്കുമ്പോൾ പ്രചാരണം നേരത്തേ തുടങ്ങിയത് അബദ്ധമായെന്ന് തോന്നുന്നുവെന്ന് ചാഴികാടൻ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 12നാണ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പ്രഖ്യാപിച്ചത്. ഒരു ബൂത്തിൽ 50 വീതം 1200 ബൂത്തുകളിലേക്ക് പോസ്റ്റർ അടിച്ചു ആയിരത്തിലേറെ ഫ്ലക്സ് ബോർഡുകളായി. മണ്ഡലം മുഴുവൻ ചുവരെഴുത്തായി. പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു പൊതുസമ്മേളനങ്ങളും നടത്തി. ഇതിനകം വൻ തുകയായി. ഇനി പ്രചാരണം കൊഴുപ്പിച്ചു നിറുത്താനുള്ള ചെലവ് എവിടെ എത്തുമെന്ന് കണ്ടറിയണം. എം.പിയെന്ന നിലയിൽ പൂർത്തീകരണത്തിലെത്തിയ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രചാരണമാക്കി മാറ്റാൻ കഴിഞ്ഞുവെന്ന നേട്ടവുമുണ്ട്.

 ചിഹ്നമില്ലാതെ ഫ്രാൻസിസ് ജോർജ്

തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഫ്രാൻസിസ് ജോർജിനെ കേരള കോൺഗ്രസ് -ജോസഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച കൊണ്ട് പ്രചാരണത്തിൽ ചാഴികാടനൊപ്പമെത്താൻ ഫ്രാൻസിസ് ജോർജും കുതിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കേരള കോൺഗ്രസിനില്ലാത്തതിനാൽ ചിഹ്നം വച്ച് പ്രചാരണം നടത്താനായിട്ടില്ല. പത്രികാ സമർപ്പണം പൂർത്തിയായി സ്വതന്ത്ര ചിഹ്നം ലഭിച്ചശേഷം ചിഹ്നം വച്ച് പ്രചാരണം നടത്തേണ്ടിവരും. ചെലവ് കൂടുമെന്ന് സാരം.