
കേരളത്തിലെ അതിപ്രശസ്‌തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ഭക്തർ ദർശനത്തിനായെത്തുന്ന ശിവ- പാർവതി ക്ഷേത്രമാണിത്. എറണാകുളം ആലുവയിലാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്ത്രീകളുടെ ശബരിമല എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
ശിവപാർവ്വതിമാർ വ്യത്യസ്ത ദിശയിൽ
ഒരേ ശ്രീകോവിലിൽ ശിവനും പാർവ്വതിയും വ്യത്യസ്ത ദിശകളിലേയ്ക്ക് ദർശനമായി നിൽക്കുന്ന പ്രതിഷ്ഠയാണ് തിരുവൈരാണിക്കുളത്തുള്ളത്. ശിവഭഗവാൻ കിഴക്ക് ദിശയിലേയ്ക്കും പാർവ്വതീദേവി പടിഞ്ഞാറ് ദിശയിലേയ്ക്കുമായാണ് നിലകൊള്ളുന്നത്. സതീദേവിയുടെ പ്രതിഷ്ഠയും തിരുവൈരാണിക്കുളത്തുണ്ട്.
വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന നടതുറപ്പ് മഹോത്സവമാണ് ക്ഷേത്രത്തെ ഏറെ പ്രസിദ്ധമാക്കുന്നത്. വർഷത്തിൽ 12 ദിവസം മാത്രമേ നട തുറന്നിരിക്കുകയുള്ളൂ. ശിവഭഗവാന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാൾമുതൽ അടുത്ത 12 ദിവസത്തേയ്ക്കാണ് നട തുറക്കുന്നത്. നടതുറപ്പ് ചടങ്ങ് മുതൽ എല്ലാദിവസും പാർവതീദേവിയുടെ തോഴിയെന്ന സങ്കൽപ്പത്തിലുള്ള ബ്രാഹ്മണിയമ്മ എന്ന വിളിപ്പേരുള്ള സ്ത്രീയുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്രത്തിലെ പ്രധാന പൂജകൾ നടക്കുന്നത്.
നടതുറപ്പ് മഹോത്സവത്തിന് പിന്നിലെ ഐതിഹ്യം
പണ്ടുകാലത്ത് ക്ഷേത്രത്തിൽ എല്ലാദിവസവും നടതുറന്നിരുന്നു. പാർവ്വതീദേവിയാണ് ശിവഭഗവാന് നിവേദ്യം തയ്യാറാക്കിയിരുന്നത്. നിവേദ്യം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ തിടപ്പള്ളിയിൽ എത്തിച്ചുനൽകുകയും ശേഷം തിടപ്പള്ളി അടച്ചിടുകയുമായിരുന്നു പതിവ്. നിശ്ചിത സമയം കഴിഞ്ഞ് തുറന്ന് നോക്കുമ്പോൾ നിവേദ്യം തയ്യാറായിട്ടുണ്ടാവും. എന്നാലൊരു ദിവസം നിവേദ്യം തയ്യാറാക്കുന്നത് ദേവി തന്നെയാണോയെന്ന് ചിലർക്ക് സംശയം തോന്നി.
നിവേദ്യം തയ്യാറാക്കാനുള്ള സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റിവച്ച് വാതിൽ അടച്ചതിനുശേഷം നിശ്ചിത സമയം കഴിയുന്നതിനുമുൻപ് ചില ഭക്തർ വാതിൽ തുറന്ന് നോക്കി. സർവാഭരണവിഭൂഷിതയായി പാർവ്വതീദേവി നിവേദ്യം തയ്യാറാക്കുന്ന കാഴ്‌ചയാണ് കണ്ടത്. ഇതുകണ്ട് കോപിഷ്ഠയും ദുഃഖിതയുമായ ദേവി ക്ഷേത്രം വിട്ടുപോകാൻ തീരുമാനിച്ചു. ഇതുകേട്ട ഭക്തർ ദേവിയോട് ക്ഷമാപണം നടത്തി.
പോകരുതെന്ന ഭക്തരുടെ അപേക്ഷയിൽ ദേവി കോപം വെടിഞ്ഞു. തന്റെ ഭർത്താവിന്റെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ നാളുകളിൽ എത്തി ദർശനം നടത്തുന്നത് പുണ്യം നൽകുമെന്നും ദേവി അറിയിച്ചു. ഇതിനുശേഷമാണ് ക്ഷേത്രത്തിലെ 12 ദിവസത്തെ നടതുറപ്പ് മഹോത്സവം ആരംഭിച്ചത്.