തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ശരീരം മുഴുവൻ നീലചായം പൂശി വെറിട്ടൊരു പ്രതിഷേധവുമായി രഞ്ജിത്ത് സി.തലവൂർ. കെ.എസ്.ഇ.ബി ഓഫീസിൽ ചില്ലറ പൈസ നൽകി ജീവനക്കാരെ വട്ടം കറക്കിയും നവകേരള സദസുമായി ബന്ധപ്പെട്ട് മന്ത്രിമാർ കടന്നുപോകുന്ന വഴിയരികിൽ ശരീരം മുഴുവൻ വെള്ള പെയിന്റടിച്ച് പ്രതിഷേധിച്ചും സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായ ആളാണ് രഞ്ജിത്ത് സി.തലവൂർ.കൊല്ലം തലവൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് ബി.ജെ.പി മെമ്പറാണ്.
കൈയിൽ തലവൂർ പഞ്ചായത്തിൽ നിന്ന് മെമ്പർമാർക്ക് ലഭിച്ച ഡയറിയുമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ആരോപിക്കുമ്പോഴും 300 രൂപയുടെ ഡയറി നൽകി ധൂർത്തടിക്കുകയാണ്.
തനിക്ക് ഈ ഒരു ഡയറി കൊണ്ട് ഒരു ആവശ്യവും ഇല്ല, സാധാരണക്കാരായ ജനങ്ങുടെ നികുതിപ്പണം കൊണ്ടാണ് ഈ ധൂർത്തെന്ന് രഞ്ജിത്ത് ആരോപിച്ചു. സെക്രട്ടേറിയറ്റിനുള്ളിലുള്ളവർ നീലക്കുറുക്കന്മാരായതുകൊണ്ടാണ് ഈ വേഷം തിരഞ്ഞെടുത്തത്. സെക്രട്ടേറിയറ്റിനു മുമ്പിലെ വേലുത്തമ്പി ദളവയുടെ പ്രതിമയ്ക്കു മുമ്പിൽ സമർപ്പിക്കാനായി ഡയറി പോസ്റ്റ് ചെയ്തിട്ടുണ്ട്.