
ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ അവിഭാജ്യ ഘടകമായ സെമികണ്ടക്‌ടർ ചിപ്പ് നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് കേന്ദ്രങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു.
ഗുജറാത്തിലെ ധോലേരയിലെ സ്ഥാപിക്കുന്നത് വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ കേന്ദ്രമാണ്. ഗുജറാത്തിലെ തന്നെ സാനന്ദിലും അസമിലെ മൊരിഗാവിലും ഔട്ട് സോഴ്സ്ഡ് അസംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളും. ധൊലേര, മൊരിഗാവ് പ്ലാന്റുകൾ ടാറ്റയാണ് സ്ഥാപിക്കുന്നത്. മെയ്‌ഡ് ഇൻ ഇന്ത്യ സെമികണ്ടക്ടർ ചിപ്പുകൾ ഇന്ത്യയെ സ്വയം പര്യാപ്തതയിലേക്കും ആധുനികതയിലേക്കും നയിക്കുമെന്ന് പദ്ധതികൾക്ക് വീഡിയോ കോൺഫറൻസിലൂടെ തുടക്കമിട്ട പ്രധാനമന്ത്രി പറഞ്ഞു.
നൂറു ദിവസത്തിനുള്ളിൽ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകും. ധോലേരയിൽ നിർമ്മിക്കുന്ന ചിപ്പുകൾ 2026ൽ വിപണിയിലെത്തും. 2029ഓടെ ഇന്ത്യ ചിപ്പ് നിർമ്മാണത്തിൽ അഞ്ചാമത്തെ ശക്തിയാകും. 20,000 പേർക്ക് നേരിട്ടും 60,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ധോലേര പ്ലാന്റ്
നിക്ഷേപം 91,000 കോടി രൂപ. ടാറ്റ ഇലക്‌ട്രോണിക്‌സും തായ്‌വാനിലെ പവർചിപ്പും ഉൾപ്പെടുന്ന സംയുക്ത സംരംഭം
സാനന്ദ് പ്ലാന്റ്
നിക്ഷേപം 7,600 കോടി. സ്ഥാപിക്കുന്നത് സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ്. തായ്‌ലൻഡിലെ റെനെസാസ് ഇലക്‌ട്രോണിക്‌സ് കോർപ്പറേഷന്റെയും സ്റ്റാർസ് മൈക്രോ ഇലക്‌ട്രോണിക്‌സിന്റെയും പങ്കാളിത്തം. ഉപഭോക്തൃ, വ്യാവസായിക, ഓട്ടോമോട്ടീവ്, പവർ ആപ്ലിക്കേഷനുകൾക്കായി ദിവസം 15 ദശലക്ഷം ചിപ്പുകൾ നിർമ്മിക്കും.
മോറിഗാവ് പ്ലാന്റ്
നിക്ഷേപം 27,000 കോടി രൂപ. വടക്കു കിഴക്കൻ മേഖലയിലെ ആദ്യ സെമികണ്ടക്‌ടർ കേന്ദ്രം. സ്ഥാപിക്കുന്നത് ടാറ്റ ഇലക്ട്രോണിക്സ്. ഫ്ലിപ്പ് ചിപ്പ്, ഇന്റഗ്രേറ്റഡ് സിസ്റ്റം ഇൻ പാക്കേജ് തുടങ്ങിയ നൂതന അർദ്ധചാലക പാക്കേജിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കും. ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ടെലികോം, മൊബൈൽ ഫോണുകൾ വ്യവസായങ്ങൾക്ക് സഹായകമാകും.
95% ഇറക്കുമതി
ഇന്ത്യ 95ശതമാനം സെമികണ്ടക്ടറും ഇറക്കുമതി ചെയ്യുകയാണ്. ചൈനയിൽ നിന്നാണ് ഏറ്റവും കൂടുതൽ - 310കോടി ഡോളർ ( 27000കോടി രൂപ ) തായ്‌ലൻഡ് (18.2കോടി ഡോളർ) , ഹോങ്കോങ് ( 21.4 കോടി ഡോളർ), സിംഗപ്പൂർ (33.2കോടി ഡോളർ), വിയറ്റ്നാം (19.8 കോടി ഡോളർ).
ഇന്ത്യ സെമികണ്ടക്ടർ ഹബ്ബ്: മോദി
ഇന്ത്യ സെമി കണ്ടക്‌ടർ നിർമ്മാണ കേന്ദ്രമാകുമെന്നും അതിന് ഈ പദ്ധതികൾ മുഖ്യ പങ്ക് വഹിക്കുമെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്തെ ക്ഷാമത്തിൽ നിന്നാണ് ചിപ്പ് മേഖലയിൽ സ്വയംപര്യാപ്‌തയുടെ അനിവാര്യത മനസിലായത്.