bank-

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് ദിവസവും റിപ്പോർട്ട് നൽകണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡൽ ഓഫീസർ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദ്ദേശാനുസരണമാണിത്.

കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളിൽ അസ്വഭാവികമായും സംശയിക്കത്തക്ക രീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം, പിൻവലിക്കൽ, ഒരു അക്കൗണ്ടിൽ നിന്ന് ആർ.ടി.ജി.എസ് വഴി അസ്വഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറൽ, സ്ഥാനാർത്ഥി സത്യവാങ്മൂലത്തിൽ പറഞ്ഞ സ്വന്തമോ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടിൽ ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ, പിൻവലിക്കൽ, രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ, പിൻവലിക്കൽ, തിരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകൾ എന്നിവയാണ് ദിവസേനയുള്ള റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടത്.

 നിരക്ക് ചാർട്ട് ഉടൻ വരും

ലോക്സഭാ തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാർട്ട് ഉടൻ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുടെയും സേവനങ്ങളുടെയും ചെലവുകൾ ഉൾക്കൊള്ളുന്നതാണ് നിരക്ക് ചാർട്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ, ചുവരെഴുത്തുകൾ, വാഹനങ്ങൾ, ഹാളുകൾ, സ്‌റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകൾ, എൽഇഡി വാൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, മാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള പരസ്യങ്ങൾ തുടങ്ങിയവയുടെ നിരക്കുകൾ എന്നിവ ക്രോഡീകരിച്ച് അന്തിമ നിരക്ക് ചാർട്ട് പ്രസിദ്ധീകരിക്കും.


ചിലവ് കണക്കാക്കുന്നതിന് ഒരു ഷാഡോ രജിസ്റ്റർ തയ്യാറാക്കും. ചെലവ് നിരീക്ഷിക്കുന്നതിനായി എക്സ്‌പെന്റീച്ചർ ഓഫീസറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സ്‌പെന്റീച്ചർ ഒബ്സർവർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലൻസ് ടീം, വീഡിയോ സർവെയ്ലൻസ് ടീം, വീഡിയോ വ്യൂയിങ്ങ് ടീം, അക്കൗണ്ടിംഗ് ടീം എന്നിങ്ങനെ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമുള്ള പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും എല്ലാ ചെലവുകളും നിരീക്ഷിക്കും..

സ്നേഹിൽ കുമാർ സിംഗ് ,ജില്ലാ കളക്ടർ , കോഴിക്കോട്