shaji

കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ പി.എൻ.ഷാജിയെയാണ് (പൂത്തട്ട ഷാജി-51) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽവിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് ഇന്നലെ രാത്രിയോടെ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. കേരള സർവകലാശാല കലോത്സവത്തിലെ കോഴയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഷാജി. ഇദ്ദേഹത്തോട് നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാജി അടക്കം നാലു പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ബാക്കിയുള്ള മൂന്നു പേരിൽ രണ്ടുപേർ നൃത്ത പരിശീലകരും ഒരാൾ സഹായിയുമാണ്. കലോത്സവത്തിൽ വിവാദമായ മാർഗം കളി മത്സരത്തിന്റെ വിധി കർത്താവായിരുന്നു ഷാജി. മാർഗം കളി മത്സരത്തിന്റെ ഫലം പരാതിയെ തുടർന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാർ മത്സരാർത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങൾ സംഘാടകർ പൊലീസിന് കൈമാറിയിരുന്നു.

ഇന്നലെ രാവിലെ ഭക്ഷണം കഴിച്ച ശേഷം വീട്ടിനകത്ത് കയറി വാതിലടക്കുകയായിരുന്നു.ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. രാത്രിയോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തെറ്റ്,​ ചെയ്യില്ല,​ അമ്മയ്ക്ക് അറിയാം...

അതേസമയം, ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ തനിക്കെതിരെയുള്ള ആരോപണം നിഷേധിക്കുന്നുണ്ട്. നിരപരാധിയാണെന്നും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും ഇതാണ് സത്യമെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. 'തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ"- കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.