hassan-junior

മലപ്പുറം: അരീക്കോട് ഫുട്‌ബാൾ ടൂർണമെന്റിനിടെ കാണികൾ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ ഐവറി കോസ്റ്റ് താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഐവറി കോസ്റ്റുകാരനായ ഹസൻ ജൂനിയറാണ് പരാതി നൽകിയത്. അരീക്കോടുള്ള പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രക്കാട്ടൂർ സംഘടിപ്പിച്ച ഫൈവ്സ് ഫുട്‌ബാൾ ടൂർണമെന്റിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കളിക്കുന്നതിനിടെ കാണികളിലൊരാളെ താരം മർദ്ദിച്ചുവെന്നും ഇതിന് പിന്നാലെയാണ് ആൾക്കൂട്ടം കൂട്ടമായി മർദ്ദിച്ചതെന്നും ആരോപണമുണ്ട്. തനിക്ക് നേരെ കാണികൾ വംശീയാധിക്ഷേപം നടത്തിയെന്ന് താരം പരാതിയിൽ പറയുന്നു. കാണികൾ തന്നെ കുരങ്ങനെന്ന് വിളിച്ചു. ഒരാൾ കല്ലെറിഞ്ഞു. തിരിഞ്ഞ് നിന്ന തന്റെ നേരെ വംശീയാധിക്ഷേപം തുടർന്ന് വീണ്ടും കല്ലെറിഞ്ഞതോടെ അവിടെ നിന്ന് പോയി. ഇതിനിടെ എതിർടീമിന്റെ മാനേജ്‌മെന്റും കാണികളും ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേരളത്തിൽ ഇനി കളിക്കാൻ ഭയമുണ്ടെന്ന് ഹസൻ ജൂനിയർ പറയുന്നു. ഡൽഹിയിലെ ഐവറി കോസ്റ്റ് എംബസിയിലും പരാതി നൽകി. സംഭവത്തിൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ പറഞ്ഞു. അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. ജവഹർ മാവൂരിന്റെ താരമായ ഹസൻ ജൂനിയർ ന്യൂലാല പൂക്കൊളത്തൂർ എന്ന ടീമിനായാണ് കളിക്കാനെത്തിയത്.