
ഗുരുവായൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 32 ലക്ഷം കവർന്ന സംഭവത്തിലെ പ്രതിയെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. എൽ ആൻഡ് ടി ഫിനാൻസിന്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജർ തൃശൂർ അമല നഗർ തൊഴുത്തും പറമ്പിൽ വീട്ടിൽ അശോഷ് ജോയാണ് (34) അറസ്റ്റിലായത്.
പടിഞ്ഞാറെ നട ഗാന്ധിനഗറിലെ എൽ ആൻഡ് ടി ഫിനാൻസിൽ നിന്നാണ് തിങ്കളാഴ്ച്ച 32 ലക്ഷം മോഷണം പോയത്. കള്ള താക്കോൽ ഉപയോഗിച്ചാണ് ഇയാൾ മോഷണം നടത്തിയത്. തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജി.പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സിംസൺ, സജി ചന്ദ്രൻ, അരുൺ എന്നിവരുടെ സഹായത്താൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ എ.പ്രേംജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സബ് ഇൻസ്‌പെക്ടർമാരായ വി.പി.അഷറഫ്, കെ.ഗിരി,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ജോബി ജോർജ്ജ്, സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.രഞ്ജിത്, സിവിൽ പൊലീസ് ഓഫീസർ വി.എം.ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.