കോട്ടയം: അന്താരാഷ്ട്ര റബർ വിലയിൽ ഉയർച്ചയുടെ പാതയിലേക്കെത്തിയതോടെ റബർ കയറ്റുമതിക്ക് അരങ്ങൊരുങ്ങുന്നു. കേന്ദ്ര സർക്കാർ വൻകിട ടയർലോബികളെ സഹായിക്കാൻ റബർ ഇറക്കുമതിക്ക് അനുമതി നൽകി ആഭ്യന്തര വില ഇടിക്കുന്നുവെന്ന ആക്ഷേപത്തിന് ഇതോടെ അറുതിവരും.
വിവിധ ഗ്രേഡ് റബറിന്റെ കയറ്റുമതി സാദ്ധ്യത പരിശോധിക്കുവാനും നിലവിലെ വിപണി സ്ഥിതിഗതി വിലയിരുത്തുവാനുമായി റബർ കയറ്റുമതിക്കാരുടെയും റബർ ബോർഡ് കമ്പനികളുടെയും യോഗം ഇന്ന് റബർ ബോർഡ് കോട്ടയത്ത്
വർഷങ്ങളായി അന്താരാഷ്ട്ര വിലയേക്കാൾ ആഭ്യന്തരവില ഉയർന്നു നിന്നതിനാൽ ഇറക്കുമതിക്കായിരുന്നു വൻകിട വ്യവസായികൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി വന്നത്. ഇതു വഴി ആഭ്യന്തര വില കാര്യമായി ഉയർത്താതെ നിറുത്താനായി. ഈ വർഷം ജനുവരി മുതലാണ് അന്താരാഷ്ട്ര വില ഉയർന്നത്. ഇപ്പോൾ ഇന്ത്യൻ വിലയിലും 47രൂപ വർദ്ധനവിലാണ് ബാങ്കോക്കിലെ വില. ഡിമാൻഡ് കൂടുകയും ഉത്പാദനം കുറഞ്ഞതുമാണ് വിദേശ വില ഉയരാൻ കാരണം.
ഇന്നലെ റബർ ബോർഡ് വില (ആർ.എസ്.എസ് ഫോർ) 177രൂപയാണ്. ഇതേ ഗ്രേഡിന് ബാങ്കോക്ക് വില 224 രൂപ42 പൈസയാണ്. 47 രൂപ 42പൈസയുടെ വ്യത്യാസം. വിദേശ വിപണി വില ഉയർന്ന സാഹചര്യത്തിലാണ് കയറ്റുമതി സാദ്ധ്യത കണക്കിലെടുത്ത് യോഗം . തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥമൂലം ഉത്പാദനം കുറഞ്ഞതാണ് അന്താരാഷ്ട്ര വില ഉയരാൻ കാരണം .ഇന്ത്യൻ വിപണിവില കുറഞ്ഞത് കയറ്റുമതി സാദ്ധ്യത കൂട്ടിയിട്ടുണ്ട്.
...........................................
177
ഇന്നലത്തെ റബർ ബോർഡിന്റെ റബർ വില
(ആർ.എസ്.എസ് ഫോർ) 177 രൂപ
224.42
ഇതേ ഗ്രേഡിന്റെ ബാങ്കോക്കിലെ വില 224.42 രൂപ
..............................................
വിദേശ ഉത്പാദനം കുറഞ്ഞത് ഗുണമായി
വിദേശ വില കൂടിയതോടെ കയറ്റുമതിക്കുള്ള സമ്മർദ്ദം വ്യാപാരികളിൽ നിന്ന് ഉയരും.
2022-23 ഏപ്രിൽ -ജനുവരി ഇന്ത്യയിലെ റബർ ഉത്പാദനം 7,25,000 മെട്രിക്ക് ടൺ ആയിരുന്നത് ഈ സാമ്പത്തിക വർഷം 7,39,000 ടൺ ആയി വർദ്ധിച്ചു. 2023-24 റബർ ഉപഭോഗത്തിൽ 5.4 ശതമാനം വർദ്ധനഉണ്ടായപ്പോൾ ഇന്ത്യ 4,10,770 മെട്രിക് ടൺ റബർ ഇറക്കുമതിചെയ്തു.
........
റബർ ഷീറ്റ് റബർ ബോർഡ് കമ്പനികളിലൂടെ കയറ്റുമതി ചെയ്യാൻ നടപടിയെടുക്കും. ഇതിനുള്ള ഫണ്ട് കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടും. കയറ്റുമതി ഉണ്ടായാൽ സ്റ്റോക്ക് കുറയും. വ്യവസായികൾ കൂടിയ വിലയ്ക്ക് ഷീറ്റ് വാങ്ങാൻ തയ്യാറാകും. സഹകരണ മേഖലയിലെ വിവിധ സംരംഭങ്ങൾക്ക് കയറ്റുമതി ലൈസൻസുള്ളതിനാൽ സംസ്ഥാന സർക്കാരും കയറ്റുമതിക്ക് തയ്യാറാകണം.
ഡോ. സാവർ ധനാനിയ, റബർ ബോർഡ് ചെയർമാൻ